
ദില്ലി:കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദില്ലിയിൽ ഇന്ന് വീണ്ടും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന യോഗം നടക്കും. സ്ഥാനാർഥിപ്പട്ടികയിൽ അന്തിമതീരുമാനം എടുക്കാനാണ് യോഗം. ബി എസ് യെദിയൂരപ്പ ഇന്നലെ ദില്ലിയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങിയിരുന്നു. അതേസമയം, അന്തിമപ്പട്ടികയിൽ അമിത് ഷാ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം എട്ടിന് ദില്ലിയിൽ ചേർന്നിരുന്നു. ബോർഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തിൽ പങ്കെടുത്തിരുന്നു. യുഎസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക ബിജെപി തയ്യാറാക്കിയിരിക്കുന്നത്.
സ്ഥാനാർഥി നിർണയത്തിന് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയിൽ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മാർച്ച് 31-ന് ഓരോ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആരാകണമെന്നതിൽ നിരീക്ഷകരും പ്രാദേശിക ഭാരവാഹികളും അടക്കമുള്ളവർ പങ്കെടുത്ത വോട്ടെടുപ്പ് നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടിക ഓരോ മണ്ഡലങ്ങളിലും തയ്യാറാക്കി. പിന്നീട് ഏപ്രിൽ 1,2 തീയതികളിൽ ബെംഗളുരുവിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഈ ചുരുക്കപ്പട്ടികയിൻമേൽ ചർച്ച നടന്നു. അപ്പോഴും 2019-ൽ കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ തർക്കം തുടർന്നു.
ഓപ്പറേഷൻ താമരയ്ക്ക് ചുക്കാൻ പിടിച്ച രമേശ് ജർക്കിഹോളി അടക്കമുള്ളവർ തനിക്കൊപ്പം മറുകണ്ടം ചാടിയെത്തിയവർക്ക് സീറ്റ് നൽകിയേ തീരൂ എന്ന പിടിവാശിയിലാണ്. തൽക്കാലം ഈ എംഎൽഎമാർക്ക് എംഎൽസി സ്ഥാനം നൽകി പ്രശ്നമൊതുക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം.
രണ്ട് ഘട്ടമായിട്ടാകും ബിജെപി പട്ടിക വരിക. ആദ്യപട്ടികയിൽ 124 സ്ഥാനാർഥികളുണ്ടാകും എന്നാണ് സൂചന. രണ്ടാംഘട്ട പട്ടിക ഏപ്രിൽ 13-ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തർക്കമുള്ള സീറ്റുകളിൽ അന്തിമതീരുമാനം ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേരുന്ന പാർലമെന്‍ററി ബോർഡിന്‍റേതാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam