
ജയ്പൂർ: ഉപവാസ സമരം നടത്താൻ പോകുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ഗലോട്ട് രംഗത്ത്. കേന്ദ്രനേതാക്കളെ ഗലോട്ട് നിലപാട് അറിയിച്ചു. ഉപവാസം തുടങ്ങിയാൽ ഉടൻ പ്രഖ്യാപനം വേണമെന്നാണ് ഗലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപവാസ സമരം പാർട്ടി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കിയിരുന്നു രാജസ്ഥാന്റെ ചുമതലയുള്ള സുഗ്ജീന്ദർ സിംഗ് രൺധാവ.
സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യണം. രാജസ്ഥാന്റെ ചുമതല ഏറ്റെടുത്തശേഷം ഒരിക്കൽപോലും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. സച്ചിൻ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്നും ക്ഷമയോടെ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. അതേസമയം, എഐസിസിയുടെ മുന്നറിയിപ്പിനോട് പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ് സച്ചിൻ പൈലറ്റ്. ഉപവാസ സമരം മാറ്റില്ലെന്നും സർക്കാരിനെതിരായ പ്രതികരണങ്ങൾ ഒഴിവാക്കാൻ മൗനവ്രതം സ്വീകരിക്കുമെന്നും സച്ചിൻ പൈലറ്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സുഖ്ജീന്ദർ രൺധാവ അനുനയത്തിന് രാജസ്ഥാനിലേക്ക് പോകില്ല. ചർച്ചകൾ നടത്താൻ പൈലറ്റിനോട് ദില്ലിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഉപവാസ സമരം പാർട്ടി വിരുദ്ധം'; സച്ചിൻ പൈലറ്റിനെതിരെ കടുപ്പിച്ചു കോൺഗ്രസ്
അശോക് ഗെലോട്ട് സർക്കാരിനെതിരെയാണ് സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ബിജെപി സർക്കാരിന്റെ അഴിമതിയിൽ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടാക്കിയ ഒത്തുതീർപ്പാണ് വീണ്ടും പൊളിയുന്നത്. വസുന്ധര രാജെ സർക്കാരിന്‍റെ കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam