
ദില്ലി: മൂന്ന് ദിവസത്തിൽ പതിനഞ്ച് വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്ന് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു. വിമാന സർവീസുകൾക്കെതിരായ ഭീഷണിയിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തുകയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
കേസിൽ വിവിധ ഏജൻസികൾ പരിശോധന തുടങ്ങി. സാമൂഹികമാധ്യമയായ ഏക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ പതിനേഴുകാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിനേഴുകാരൻ വിവിധ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡിലെ രാജ് നന്ദഗാവ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് നീക്കം ചെയ്തു. ഇന്നലെ മാത്രം ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത് . സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ ഇറക്കി.
സിംഗപ്പൂർ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ സുരക്ഷ അകമ്പടി നല്കി. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിച്ചു. ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കുമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പ്രതികരിച്ചു. സംഭവത്തെകുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രിയും വിശദവിവരങ്ങൾ തേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam