ഭക്ഷണമെന്ന് കരുതി സ്ഫോടക വസ്തു കഴിച്ചു, ഗുരുതര പരിക്കേറ്റ് ആറ് വയസ്സുകാരന് ദാരുണാന്ത്യം

By Web TeamFirst Published Jun 11, 2020, 12:49 PM IST
Highlights

വായിലിരുന്ന് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിക്കുകയുമായിരുന്നു. 

ചെന്നൈ: ഭക്ഷണമെന്ന് കരുതി സ്ഫോടക വസ്തു കഴിച്ച ആറ് വയസ്സുകാരന്‍ മരിച്ചു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ആഹാരമാണെന്ന് കരുതി നാടന്‍ സ്ഫോടക വസ്തു വായിലിട്ട് ചവയ്ക്കുയായിരുന്നു. കാവേരി നദിക്കരയിലുള്ളവര്‍ മീന്‍പിടിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ് കുട്ടി ആഹാരമെന്ന് തെറ്റിദ്ധരിച്ചത്. 

മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ വസ്തു ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. ഇത് ബൂപതിയുടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ കളിക്കുകയായിരുന്ന ബൂപതിയുടെ ആറ് വയസ്സുള്ള മകന്‍ ഇത് എടുത്ത് കഴിച്ചു. വായിലിരുന്ന് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിക്കുകയുമായിരുന്നു. 

സ്ഫോടക വസ്തു കയ്യില്‍ വച്ചത് കേസാകുമെന്ന് ഭയന്ന് സംഭവം പൊലീസ് അറിയുന്നതിന് മുമ്പ് ബന്ധുക്കള്‍ കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കേസെടുത്ത പൊലീസ് കുട്ടിയുടെ മരണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തുടര്‍ അന്വേഷണം നടന്നുവരികയാണ്. നാടന്‍ സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. 

click me!