മുംബൈ കോർപ്പറേഷനിൽ സ്വന്തം മേയറെ നിയമിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെ, ഏക്‌നാഥ് ഷിൻഡെ പക്ഷം സ്വന്തം കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റി. കുതിരക്കച്ചവടം ഭയന്നാണ് ഷിൻഡെയുടെ ഈ നീക്കം. 

മുംബൈ: ദൈവഹിതമുണ്ടെങ്കിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) സ്വന്തം മേയറെ നിയമിക്കാൻ കഴിയുമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെ, സ്വന്തം കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 65 സീറ്റുകൾ നേടിയപ്പോൾ, ശിവസേന (ഷിൻഡെ) വിഭാ​ഗം 29 സീറ്റുകൾ മാത്രമാണ് നേടിയത്. ഉ​ദ്ധവ് താക്കറെ തന്റെ കൗൺസിലർമാരെ വശത്താക്കുമെന്ന് ഭയന്നാണ് ഷിൻഡെയുടെ നീക്കം. 227 അംഗ സഭയിൽ 114 സീറ്റുകളാണ് കേവല ഭൂരിപക്ഷം. 89 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ബിജെപി-ശിവസേന (ഷിൻഡെ) സഖ്യമായ മഹായുതിക്ക് കേവല ഭൂരിപക്ഷം കടന്ന് കഷ്ടിച്ച് നാല് സീറ്റുകൾ അധികം നേടി 118ലെത്താനേ സാധിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം കിംഗ് മേക്കറായി ഉയർന്ന ഷിൻഡെ, കുതിരക്കച്ചവടത്തിനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോർപ്പറേറ്റർമാരെ ഹോട്ടലിലേക്ക് മാറ്റിയത്. ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൗൺസിലർമാരെ പാർപ്പിച്ചിരിക്കുന്നത്.

ഇവരെ അടുത്ത മൂന്ന് ദിവസത്തേക്ക് ഹോട്ടലിൽ താമസിപ്പിക്കുമെന്നും കർശന സുരക്ഷയിൽ പാർപ്പിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമോ എന്നതും മഹായുതി സഖ്യം ഉറ്റുനോക്കുന്നു. മേയർ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

2022-ൽ മഹാരാഷ്ട്രയിലെ റിസോർട്ട് രാഷ്ട്രീയം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ഷിൻഡെയും 40 ഓളം ശിവസേന എംഎൽഎമാരും ഉദ്ധവ് താക്കറെയ്‌ക്കെതിരെ രം​ഗത്തെത്തി, മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ നിന്നുള്ള പിന്തുണ പിൻവലിക്കുകയും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.

സേന (യുബിടി) പ്രവർത്തകരുമായി സംവദിക്കുന്നതിനിടെയാണ് ഉദ്ധവ് അട്ടിമറി സാധ്യത വെളിപ്പെടുത്തിയത്. മുംബൈയെ പണയപ്പെടുത്തി വഞ്ചനയിലൂടെയാണ് ബിജെപി വിജയം നേടിയത്. മറാത്തികൾ ഈ പാപം ഒരിക്കലും പൊറുക്കില്ല. യുദ്ധം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂവെന്നും മുംബൈയിൽ ഒരു ശിവസേന (യുബിടി) മേയറെ നിയമിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും ദൈവം അനുവദിച്ചാൽ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും ഉദ്ധവ് പറഞ്ഞു.