ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകള്‍ വെപ്പാട്ടികളെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Sep 5, 2019, 4:04 PM IST
Highlights

വിവാഹബന്ധത്തെക്കുറിച്ചുള്ള നിരവധി സുപ്രീം കോടതി ഉത്തരവുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്ത്രീകളെ വെപ്പാട്ടിയായി വയ്ക്കുന്നത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന കാര്യമാണ്. വെപ്പാട്ടിയായുള്ള ജീവിതം സ്ത്രീകളുടെ അവകാശമല്ല. അത് മൗലികാവകാശമായി കരുതാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി

ജെയ്പൂര്‍: ലിവ് ഇന്‍ റിലേഷനിലുള്ള  സ്ത്രീകള്‍ വെപ്പാട്ടികളെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകളെ ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മനുഷ്യവാകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.  ലിവ് ഇന്‍ റിലേഷന്‍ നയിക്കുന്ന സ്ത്രീകളെ വെപ്പാട്ടിയായി പരിഗണിക്കുമെന്നും ഇത് അവരുടെ മനുഷ്യവാകാശത്തിന് വിരുദ്ധമാണെന്നും വിചിത്രമായ വാദമാണ് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉന്നയിക്കുന്നത്. 

ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കേണ്ടത് സര്‍ക്കാരിന്റെയും മനുഷ്യാവാകാശ സംഘടനകളുടെയും ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് താതിയയും കമ്മീഷന്‍ അംഗം ജസ്റ്റിസ് മഹേഷ് ചാന്ദ്ര ശര്‍മ്മയും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കമ്മീഷന്‍ ഉത്തരവില്‍ ലിവ് ഇന്‍ റിലേഷന്‍ സംബന്ധിച്ച ഏതെങ്കിലും കേസുകളെക്കുറിച്ച് പരാമര്‍ശമില്ല. 

എന്നാല്‍ വിവാഹബന്ധത്തെക്കുറിച്ചുള്ള നിരവധി സുപ്രീം കോടതി ഉത്തരവുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്ത്രീകളെ വെപ്പാട്ടിയായി വയ്ക്കുന്നത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന കാര്യമാണ്. വെപ്പാട്ടിയായുള്ള ജീവിതം സ്ത്രീകളുടെ അവകാശമല്ല. അത് മൗലികാവകാശമായി കരുതാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി

ലിവ് ഇന്‍ ബന്ധങ്ങളുടെ യോഗ്യത നിശ്ചയിക്കാനും അത്തരം ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. ഈ ബന്ധത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിംഗ് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം അധികാരം ഉപയോഗിച്ച് നിയമം നിര്‍മ്മിക്കുകയോ നിയമ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയോ ചെയ്യണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കമ്മീഷന്‍ അംഗം  ജസ്റ്റിസ് മഹേഷ് ചാന്ദ്ര ശര്‍മ്മ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹം. പെണ്‍മയിലുകളും ആണ്‍ മയിലുകളും ഇണചേരില്ലെന്നാണ് കണ്ടെത്തിയത്. മയിലുകളില്‍ സന്താന ഉത്പാദനം നടക്കുന്നത് ആണ്‍മയിലിന്‍റെ കണ്ണുനീര്‍ പെണ്‍മയില്‍ കുടിച്ചിട്ടാണെന്നും മുന്‍പ് ഇദ്ദേഹം പ്രസ്താവന നടത്തി. ഇത് വലിയ വിവാദമായിരുന്നു.

click me!