എയർസെൽ മാക്സിസ് കേസ്: ചിദംബരത്തിനും കാർത്തിക്കും മുൻകൂർ ജാമ്യം, ഇഡി അറസ്റ്റിൽ നിന്ന് ജാമ്യമില്ല

By Web TeamFirst Published Sep 5, 2019, 2:41 PM IST
Highlights

ചിദംബരത്തിന് എയർസെൽ മാക്സിസ് കേസിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന് സംരക്ഷണം ലഭിച്ചെങ്കിലും ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീംകോടതി തടഞ്ഞില്ല. 
 

ദില്ലി: എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. എന്നാൽ സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്‍സ്‍മെന്‍റ് അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇതേത്തുടർന്ന് ചിദംബരം ഹർജി പിൻവലിക്കുകയായിരുന്നു. 

3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ - മാക്സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാൽ ഇതിൽ 800 മില്യൺ കോടിയുടെ നിക്ഷേപം എയർസെൽ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം. 

അതേസമയം, ഇന്ന് സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി തള്ളി. എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തിനെതിരെയുള്ള കുറ്റങ്ങൾ മുദ്ര വച്ച കവറിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ചിദംബരത്തിന് മുൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചത്. ഇപ്പോൾ കേസിൽ മുൻകൂർ ജാമ്യം നൽകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

ഇതോടെ നിലവിൽ സിബിഐ കസ്റ്റഡിയിൽ റിമാൻഡിലുള്ള ചിദംബരത്തെ എൻഫോഴ്‍സ്മെന്‍റിന് അറസ്റ്റ് ചെയ്യാം. ചോദ്യം ചെയ്യലിന് വിധേയനുമാക്കാം. അറസ്റ്റും തിഹാർ ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി ഇത്. 

ഇതേത്തുടർന്ന് സിബിഐയുടെ അറസ്റ്റിനെതിരെ ചിദംബരം നൽകിയ ഹർജി ചിദംബരത്തിന്‍റെ അഭിഭാഷകർ പിൻവലിച്ചു. മുൻകൂർ ജാമ്യഹർജി ദില്ലി ഹൈക്കോടതി നൽകിയ അന്ന് തന്നെ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുമുമ്പ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. 

കേസുകൾക്ക് മേൽ കേസുകളുടെ കുരുക്കിൽപ്പെട്ട് വലയുന്നതിനിടെ, എയർസെൽ മാക്സിസ് കേസിൽ താൽക്കാലിക സംരക്ഷണം ലഭിച്ചത് ചിദംബരത്തിന് ആശ്വാസമാവുകയാണ്. 

click me!