
ദില്ലി: ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ്റെ ചുമതല എ.എ.റഹീമിന് നൽകും. ദില്ലിയിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാവും. താത്കാലിക ചുമതലയാണ് ഇപ്പോൾ റഹീമിന് നൽകുന്നതെങ്കിലും ഡിവൈഎഫ്ഐയുടെ അടുത്ത സമ്മേളനത്തിൽ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത. ഇന്നലെ ദില്ലിയിൽ ചേർന്ന ഫ്രാക്ഷൻ യോഗത്തിൽ റഹീമിന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയായിരുന്നു.
നിലവിലെ ഡിവെഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയുന്നത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്ഐ നേതൃത്വത്തിലും മാറ്റമുണ്ടാവാനാണ് സാധ്യത. എം.വിജിൻ, കെ.വി.സുമേഷ്, സച്ചിൻ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ വൈകാതെ തീരുമാനുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്ഐ ദേശീയ സെന്ററിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam