'ആദിത്യ താക്കറെ ഭാവി മുഖ്യമന്ത്രി'യെന്ന് പോസ്റ്ററുകള്‍; സമവായം ആകാതെ മഹാരാഷ്ട്ര

By Web TeamFirst Published Oct 25, 2019, 11:06 PM IST
Highlights

50 -50 ഫോര്‍മുലയാണ് മഹാരാഷ്ട്രയില്‍ സേന മുന്നോട്ടുവയ്ക്കുന്നത്. പകുതി കാലം ബിജെപിയും ബാക്കി പകുതി ഭരണകാലം ശിവസേനയും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുകയെന്നതാണ് സേനയുടെ ഫോര്‍മുല. 

മുംബൈ: ശിവസേനയുടെ യുവ എംഎല്‍എയും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍. മുംബൈയുടെ ചില മേഖലകളിലാണ് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ആദിത്യ വിജയിച്ച വര്‍ലിയിലാണ് പോസ്റ്ററുകള്‍ ഉള്ളത്. എന്‍സിപിയുടെ സുരേഷ് മനെയെ 67000 വോട്ടുകള്‍ക്കാണ് ആദിത്യ പരാജയപ്പെടുത്തിയത്. 50 -50 ഫോര്‍മുലയാണ് മഹാരാഷ്ട്രയില്‍ സേന മുന്നോട്ടുവയ്ക്കുന്നത്. പകുതി കാലം ബിജെപിയും ബാക്കി പകുതി ഭരണകാലം ശിവസേനയും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുകയെന്നതാണ് സേനയുടെ ഫോര്‍മുല. 

തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ വീട്ടില്‍ വന്നിരുന്നുവെന്നും അന്ന് തമ്മില്‍ ഒരു ഫോര്‍മുല സംസാരിച്ചുറപ്പിച്ചിരുന്നു. ഇനി അത് നടപ്പിലാക്കേണ്ട സമയമാണെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി - ശിവസേന സഖ്യം 160 സീറ്റുകളാണ് നേടിയിരിക്കുന്നത്. 

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ  നീക്കം നടത്തണമെന്ന് കോൺഗ്രസിന് അഭിപ്രായമുണ്ട്. എന്നാൽ ശിവസേനയുമായി കൈകോർക്കേണ്ടെന്ന് ശരത് പവാർ നിലപാട് എടുത്തതോടെ പ്രതിപക്ഷ നിരയിലും ആശയക്കുഴപ്പമാണ്.

288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 ഉം ശിവസേനയ്ക്ക് 56ഉം സീറ്റുകളാണ് കിട്ടിയത് .  പ്രതിപക്ഷത്ത് എൻസിപി 54 ഉം കോൺഗ്രസ് 44 ഉം. നിലവില്‍ ബിജെപി-ശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ മുഖ്യമന്ത്രിപദം രണ്ടരവർഷം പങ്കിടണമെന്ന ശിവസേനയുടെ  ആവശ്യമാണ് ദേവേന്ദ്ര ഫട്നാവിസിന് മുന്നിലെ പ്രതിസന്ധി.

ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എംഎൽഎമാരെ തന്‍റെ വസതിയായ മാതോശ്രീയിലേക്ക് വിളിച്ച് ചർച്ച നടത്തുന്നുണ്ട്. അതേസമയം ബിജെപി-ശിവസേന സംഖ്യത്തിലെ ഭിന്നത മുതലാക്കണമെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിലെ വികാരം. ബിജെപി സർക്കാരുണ്ടാക്കുന്നത് തടയാൻ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കണയ്ക്കാമെന്ന് മുൻമുഖ്യമന്ത്രി അശോക് ചവാൻ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ ശിവസേനയുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് ശരത് പവാർ നിലപാട് എടുക്കുന്നു. ഉപമുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് നൽകി പ്രശ്നങ്ങൾ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഉദ്ദവ് താക്കറെയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ്അറിയുന്നത്.

അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രമായ സാമ്ന രംഗത്ത് എത്തി. ശക്തനാണ് താനെന്ന് സ്വയം വരുത്തി തീര്‍ക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിച്ചെന്നും അതിന്‍റെ പരിണിത ഫലമാണ് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടിയെന്നും സാമ്നയില്‍ വന്ന ലേഖനം കുറ്റപ്പെടുത്തുന്നു. 

ദേവേന്ദ്ര ഫഡ്നാവിസ് - ശരത് പവാര്‍ യുദ്ധത്തില്‍ പവാറാണ് ജയിച്ചത്. അഹങ്കാരം അതിരുവിട്ടാല്‍ ജനം മറുപടി നല്‍കുമെന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. അനാവശ്യപിടിവാശികള്‍ കൊണ്ട് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. തെരഞ്ഞെടുപ്പില്‍ ശരത് പവാര്‍ തന്‍റെ ശക്തി കാണിച്ചെന്നും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പിടിച്ചു നിന്നത് പവാറിന്‍റെ തണലിലാണെന്നും ശിവസേന മുഖപത്രം നിരീക്ഷിക്കുന്നു. 

click me!