നീറ്റ് തട്ടിപ്പ്: തമിഴ്‍നാട്ടിലെ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ വിരലടയാളം പരിശോധിക്കും

By Web TeamFirst Published Oct 25, 2019, 7:41 PM IST
Highlights

c

ചെന്നൈ: തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിരലടയാളം ഉൾപ്പടെ ഡേറ്റാ ബേസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നീറ്റ് തട്ടിപ്പില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. 

നീറ്റ് പരിശീല കേന്ദ്രങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സിബിസിഐഡിയോട് കോടതി ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ വിരലടയാളം പരിശോധിച്ചിരുന്നോ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തോന്നിയ സംശയമാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിച്ചത്. ഹാള്‍ ടിക്കറ്റിലെ ഫോട്ടോയും ഉദിത്തിന്‍റെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. കോളേജ് ഡീന്‍ വിദ്യാഭ്യാസ ഡയ്റകടേറ്റിനെ വിവരം അറിയിച്ചതോടെ കേസ് ക്രൈബ്രാ‌ഞ്ച് ഏറ്റെടുത്തു. വിദ്യാര്‍ത്ഥിയെയും അച്ഛന്‍ സ്റ്റാന്‍ലിയെയും ചോദ്യം ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രണ്ട് തവണ പ്രവേശന പരീക്ഷ എഴുതിയിട്ടും പാരജയപ്പെട്ടതോടെ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് ഉദിത്തിന്‍റെ അച്ഛന്‍റെ മൊഴി. 

സിബിസിഐഡി സംഘം ഏറ്റെടുത്ത അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് മലയാളികളായ ഇടനിലക്കാര്‍ക്ക് മുന്നിലാണ്. നീറ്റ് പരീക്ഷാ തട്ടിപ്പില്‍ കേരളത്തിലെ ചില എന്‍ട്രന്‍സ് പരീശീലന കേന്ദ്രങ്ങളും സംശയനിഴലിലാണ്. ബംഗ്ലൂരു ആസ്ഥാനമായ റാക്കറ്റിനായി നടത്തിയ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. ചെന്നൈ സ്വദേശികള്‍ക്കായി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ മലയാളികളായ രണ്ട് സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കേരളത്തിലെ പരീശീലന കേന്ദ്ര നടത്തിപ്പുകാരാണ് ഇടനിലക്കാരുമായി ബന്ധപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. 

click me!