കരിപ്പൂർ സ്വർണ്ണക്കടത്ത്: ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിൽ, അർജുന്റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ്

By Web TeamFirst Published Jul 19, 2021, 11:56 AM IST
Highlights

അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യംചെയ്യലിനായി മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്തുകൂടിയായ ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഷുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ്. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വർണ്ണക്കളളക്കടത്തിനും മറ്റുള്ളവർ കടത്തുന്ന സ്വർണം പിടിച്ചു പറിക്കുന്നതിനും ഇയാൾക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ചിലരുടെ പേരുകൾ പറഞ്ഞ് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഒരു രാഷ്ട്രീയ പാർടിയുടെ പേരു പറഞ്ഞും ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഫേസ് ബുക്കിൽ അപ് ലോഡ് ചെയതും ഇയാൾ തന്റെ സംഘത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. കേരളത്തിലെ മറ്റ് എയർപോർടുകൾ വഴിയും സംഘം സ്വർണം കടത്തിയെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!