'ബിജെപി നേതാക്കള്‍ക്കെതിരെ നടപടി വേണം'; ദില്ലി നിയമസഭയില്‍ ആം ആദ്മി എംഎല്‍എമാര്‍

By Web TeamFirst Published Feb 27, 2020, 12:44 PM IST
Highlights

സത്യം പുറത്ത് വരാനായി കലാപം നടന്ന സ്ഥലങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കണമെന്ന് സൗരഭ് ഭരദ്വാജ് എംഎല്‍എ ആവശ്യപ്പെട്ടു

ദില്ലി: ദില്ലിയില്‍ കലാപങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ആരോപണം നേരിടുന്ന ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി. ദില്ലി നിയമസഭയുടെ പ്രത്യേക സെഷനിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ ആം ആദ്മി എംഎല്‍എമാര്‍ നടപടി ആവശ്യപ്പെട്ടത്.

സത്യം പുറത്ത് വരാനായി കലാപം നടന്ന സ്ഥലങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കണമെന്ന് സൗരഭ് ഭരദ്വാജ് എംഎല്‍എ ആവശ്യപ്പെട്ടു. കപില്‍ മിശ്ര, അഭയ് വെര്‍മ എന്നിവര്‍ക്കെതിരെ എന്തുകൊണ്ടാണ് പൊലീസ് കടുത്ത നടപടികള്‍ സ്വീകരിക്കാതിരുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാണ് അമാത്തുളാഹ് ഖാന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. ബിജെപി നേതാവ് പൊതുവായ കലാപത്തിന് ആഹ്വാനം ചെയ്തിട്ടും അദ്ദേഹത്തിനെതിരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും അമാത്തുളാഹ് ഖാന്‍ പറഞ്ഞു. എന്നാല്‍, രാജ്യതലസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ ആം ആദ്മി സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാന് രാംവീര്‍ സിംഗിന്‍റെ പ്രതികരണം.

അതേസമയം, ദില്ലി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘർഷത്തിന് പൊതുവില്‍ അയവ് വന്നിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.

ദില്ലി കലാപം നിയന്ത്രിക്കാൻ ഇടപെടണമൊന്നാവശ്യപ്പെട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കണ്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു.

click me!