
ദില്ലി: ആം ആദ്മി പാർട്ടിയെ വീണ്ടും രാഷ്ട്രീയ സ്റ്റാർട്ട് അപ‍് എന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. രക്ഷപ്പെടുന്നതിൽ പരാജയപ്പെട്ട സ്റ്റാർട്ട് അപ് ആണ് ആം ആദ്മി പാർട്ടി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളും മറ്റ് എഎപി നേതാക്കളും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരിഹാസം. ഗുജറാത്തിൽ 20 വർഷത്തിന് മേലെയായി ബിജെപിയാണ് അധികാരത്തിലുള്ളത്.
"എഎപി ഒരു പരാജയപ്പെട്ട രാഷ്ട്രീയ സ്റ്റാർട്ട് അപ് ആണ്. ആരംഭിച്ച് 10 വർഷത്തിന് ശേഷവും ഒരു എംഎസ്എംഇ (മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) ആയി മാറാൻ അവർ പുരോഗമിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഒരേ ഉല്പന്നം വിൽക്കാൻ അവർ ശ്രമിക്കുന്നു, ആ ഉല്പന്നം വിറ്റഴിഞ്ഞതിന് തെളിവുകളൊന്നുമില്ല. അവർ ഇപ്പോഴും ഭൂതകാലത്തിന്റെ തടവുകാരാണ്." ഹിമന്ദ് ബിശ്വ ശർമ്മ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതോടെ ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള തർക്കം ദിനംപ്രതി വർധിച്ചുവരികയാണ്.
അതേസമയം, ഗുജറാത്തിൽ അരവിന്ദ് കെജ്രിവാൾ ആം ആദ്മിയെ ഭരണകക്ഷിയുടെ പ്രധാന വെല്ലുവിളിയായാണ് സ്വയം ഉയർത്തിക്കാട്ടുന്നത്. ശനിയാഴ്ച ഒറ്റഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും എഎപി വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം മറ്റ് പൗരപ്രശ്നങ്ങളുടെ പരിഹാരങ്ങൾ എന്നിവ വർഷങ്ങളായി എഎപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ നടപ്പാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ബിജെപിയുടെ ആരോപണം.
തന്റെ മുൻ പാർട്ടിയായ കോൺഗ്രസിനെതിരെയും ഹിമന്ദ് ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ ജനാധിപത്യമില്ലെന്നാണ് വിമർശനം. കഴിഞ്ഞ മാസം മല്ലികാർജുൻ ഖാർഗെയോട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന് വോട്ട് ചെയ്ത പലരും ഉടൻ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തക്ക മറുപടിയുമായി ശശി തരൂർ തന്നെ രംഗത്തെത്തി.പോരാടാൻ ധൈര്യമുള്ളവരൊന്നും ബിജെപിയിൽ ചേരില്ലെന്നും ഭീരുക്കളാണ് പോകാൻ തയ്യാറാവുക എന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.
Read Also: ഇരുമ്പ് മോഷ്ടിച്ചെന്നാരോപണം; യുവാക്കളെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു