ന​​ഗരത്തിലെ പാലം നിർമ്മാണത്തിനായി ഒരു ഷെഡിൽ‌ ഇരുമ്പ് സാമ​ഗ്രികൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ നിന്ന് ഒരു ക്വിന്റലിന് മേലെ ഇരുമ്പാണ് മോഷണം പോയത്.

പട്ന: ഇരുമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം. യുവാക്കൾ അബോധാവസ്ഥയിലാവുന്നതുവരെ നാട്ടുകാർ മർദ്ദനം തു‍ടർന്നെന്നാണ് റിപ്പോർട്ട്. 

യുവാക്കൾ മുസാഫർപുർ സ്വദേശികൾ തന്നെയാണ്. ന​​ഗരത്തിലെ പാലം നിർമ്മാണത്തിനായി ഒരു ഷെഡിൽ‌ ഇരുമ്പ് സാമ​ഗ്രികൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ നിന്ന് ഒരു ക്വിന്റലിന് മേലെ ഇരുമ്പാണ് മോഷണം പോയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോഴാണ് മോഷ്ടാക്കൾ ഈ യുവാക്കളാണെന്ന് നാട്ടുകാർ ആരോപിച്ചത്. നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്നാലെയോടി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. 

പൊലീസെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൃത്യസമയത്ത് തങ്ങളെത്തി യുവാക്കളെ രക്ഷിച്ചെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ, യുവാക്കൾ ക്രൂരമായി മർദ്ദിക്കപ്പെട്ട ശേഷമാണ് പൊലീസ് എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട്. പൊലീസ് യുവാക്കളെ ചോ​ദ്യം ചെയ്തുവരികയാണ്. യുവാക്കളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

Read Also: ജോഡോ യാത്രയുടെ ഇടവേളയിൽ ഗുജറാത്തില്‍ പ്രചാരണത്തിന് രാഹുല്‍ എത്തുന്നു