ദില്ലിയില്‍ മൃദുഹിന്ദുത്വം പിന്തുടര്‍ന്ന് എഎപി; 'രാമായണ പാരായണം' നടത്താന്‍ എഎപി എംഎല്‍എ

By Web TeamFirst Published Feb 20, 2020, 6:43 PM IST
Highlights

അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്ന്. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തിൽ കുടുംബത്തടൊപ്പം സന്ദര്‍ശനം.

ദില്ലി: ദില്ലിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൃദു ഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എഎപി എംഎൽഎമാർ.  എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ  സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. സൗരഭ് ഭരജ്വാജിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  നയം തുടരുമെന്ന സന്ദേശവും നല്കി.

അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്ന്. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തിൽ കുടുംബത്തടൊപ്പം സന്ദര്‍ശനം. താന്‍ ഹനുമാന്‍ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു . ഭീകരവാദിയെന്ന് ബിജെപി നേതാക്കൾ വിളിച്ചപ്പോൾ പൂജയുടെയും ഹനുമാൻ ചാലിസ ചൊല്ലിയതിൻറെയും വിഡിയോ പുറത്ത് വിട്ടായിരുന്നു തിരിച്ചടി.

തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂടുതല്‍ എഎപി നേതാക്കള്‍ ഈ നയം സ്വീകരിക്കുകയാണ്. ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ സൗരഭ് ഭരദ്വാജ് ഹനുമാന്‍റെ സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡം തന്‍റെ മണ്ഡലത്തില്‍ ഉടനീളം പാരായണം ചെയ്യാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ മാസത്തിന്‍റെ ആദ്യ ചൊവ്വാഴ്ച ഓരോ സ്ഥലങ്ങളിലായി സുന്ദരകാണ്ഡം പാരായണം നടത്തും  ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഷഹീന്‍ബാഗിലും ജാമിയയിലും തുടരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷവും അരവിന്ദ് കെജ്രിവാൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. . ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മ‍ൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്ന തന്ത്രം  അരവിന്ദ് കെജ്രിവാളും എഎപിയും ദില്ലിയില്‍ തുടരുകയാണെന്ന സൂചന കൂടിയാണ് രാമായണ പാരായണ തീരുമാനവും.
 

click me!