
കൊല്‍ക്കത്ത: പ്രസവത്തില്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ വച്ച് ഡോക്ടറെ കയ്യേറ്റം ചെയ്തു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച ശസ്ത്രക്രിയയിലൂടെയാണ് 33 കാരിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പുലര്‍ച്ചെ മൂന്ന് മണിയായതോടെ നില ഗുരുതരമാണെന്ന് അറിയിച്ച് ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അക്ഷമരായ ബന്ധുക്കളോട് സംസാരിക്കുന്നതിനിടെ കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബസവ് മുഖര്‍ഡിയെ യുവതിയുടെ ഭര്‍ത്താവ് തപന്‍ ഭട്ടാചാര്യ മര്‍ദ്ദിച്ചു. സീറ്റില്‍ ഇരിക്കുകയായിരുന്ന തപന്‍ ചാടി എഴുന്നേറ്റ് ഡോക്ടറെ അടിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
സംഭവം സംഘര്‍ഷത്തിലെത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു. '' നടന്ന സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരിച്ച് നല്‍കുകയും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു ഡോക്ടര്‍. എന്നാല്‍ മരിച്ച സ്ത്രീയുടെ, കുപിതരായ ബന്ധുക്കള്‍ ഡോക്ടറെ അപമാനിക്കുക മാത്രമല്ല, ആക്രമിക്കുകയും ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam