ദില്ലി: ദില്ലിയിൽ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി - ബിജെപി പോര് കടുക്കുന്നു. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു. കേന്ദ്രഏജൻസികൾക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിക്കഴിഞ്ഞു എന്നാണ് കെജ്‍രിവാൾ പറയുന്നത്. കേന്ദ്രസർക്കാരിന്‍റെ ജയിൽ രാഷ്ട്രീയം തനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്‍രിവാൾ പറയുന്നു.
'ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു', കെജ്‍രിവാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
മെയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 201-ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്.
2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
2017-ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. ഇന്ന് ദില്ലിയിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മന്ത്രിക്കെതിരെ ബിജെപി കള്ളക്കേസെടുക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യേന്ദ്ര ജെയിനെ തോല്‍വി ഭയന്നാണ് ബിജെപി അറസ്റ്റ് ചെയ്തതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സിസോദിയയെയും അറസ്റ്റ് ചെയ്യുമെന്ന് കെജ്‍രിവാൾ ആരോപിക്കുന്നത്. മന്ത്രിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും, ഒരു ശതമാനമെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ എന്നേ നടപടിയെടുക്കുമായിരുന്നു എന്നുമാണ് നേരത്തേ കെജ്‍രിവാൾ പറഞ്ഞത്.
മെയ് 31-ന് സത്യേന്ദ്ര ജെയിനെ ഇഡി ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോൾ ഇഡിക്ക് വേണ്ടി ഹാജരായത് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത നേരിട്ടാണ്. അനധികൃതമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃതമായി മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറിയെന്നും അതുകൊണ്ടാണ് അറസ്റ്റിലേക്ക് കടന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാന്‍ മന്ത്രിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രി ഉടമസ്ഥനല്ലാത്ത കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ കിട്ടാന്‍ കസ്റ്റഡിയില്‍ വിട്ട് നൽകരുതെന്ന് മന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ഇഡിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ജൂൺ 9 വരെ മന്ത്രി ഇഡി കസ്റ്റഡിയില്‍ തുടരും.
ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസൈവാലെയുടെ കൊലപാതകം ആം ആദ്മി പാര്‍ട്ടിക്കെതിരെ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെ സത്യേന്ദ്രജെയ്നിന്‍റെ അറസ്റ്റും ബിജെപിക്ക് തുറുപ്പ് ചീട്ടാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam