'ഷഹീന്‍ ബാഗിലും ജാമിയ മിലിയയിലും ഫെബ്രുവരി 2ന് ബിജെപി വലിയ പ്രശ്‌നങ്ങളുണ്ടാക്കും': ആംആദ്മി നേതാവ്

By Web TeamFirst Published Feb 1, 2020, 9:15 PM IST
Highlights

ദില്ലി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപിക്ക് മനസ്സിലായെന്നും അതിനാല്‍ അവര്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമത്തിലാണെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു.

ദില്ലി: ഫെബ്രുവരി 2ന് ദില്ലിയിലെ പൗരത്വ നിയമ ഭേദ​ഗതി വിരുദ്ധ സമരകേന്ദ്രങ്ങളായ ഷഹീന്‍ ബാഗിലും ജാമിയ മിലിയ സര്‍വകലാശാലയിലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബിജെപി ആലോചിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിം​ഗ്. ഇതിന് പിന്നിൽ കേന്ദ്രമന്ത്രി അമിത് ഷായാണെന്നും സിം​ഗ് കുറ്റപ്പെടുത്തി.

"അമിത് ഷായാണ് ദില്ലി പൊലീസിനെ നിയന്ത്രിക്കുന്നത്. അദ്ദേഹം ആഭ്യന്തര മന്ത്രിയായതിന് ശേഷം ക്രമസമാധാനം മോശമായി. ഇപ്പോള്‍ ഷഹീന്‍ ബാഗിലും ജാമിയ മിലിയ സർവകലാശാലയിലും വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അവർ ആലോചിക്കുന്നു. അത് ജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു"- സഞ്ജയ് സിം​ഗ് പറഞ്ഞു. തന്റെ കയ്യില്‍ തെളിവുണ്ട്. ധാരാളം സന്ദേശങ്ങളും വീഡിയോകളും വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും സഞ്ജയ് സിം​ഗ് കൂട്ടിച്ചേർത്തു. 

ബിജെപി മന്ത്രിക്ക് വിദ്വേഷ പ്രസംഗം നടത്താനും അക്രമം ആരംഭിക്കാനുമുള്ള പ്രോത്സാഹനം അമിത് ഷാ നല്‍കിയെന്നും പരസ്യമായി തെരുവിലൂടെ ഒരാള്‍ തോക്കുമായി നടക്കുകയും വെടിവെക്കുകയും ചെയ്യുന്നുവെന്നും സിംഗ് പറഞ്ഞു. ദില്ലി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപിക്ക് മനസ്സിലായെന്നും അതിനാല്‍ അവര്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമത്തിലാണെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു.

click me!