
പഞ്ചാബ്: കൊവിഡ് 19 വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പൂതിയ നീക്കവുമായി ആം ആദ്മി പാര്‍ട്ടി നേതൃത്വം. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും ഓക്സിമീറ്ററുമായി എത്തി പ്രദേശവാസികളുടെ ഓക്സിജന്‍ നിരക്ക് പരിശോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിക്കാനാണ് തീരുമാനം. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രചരണം വിജയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കണമെന്ന് പഞ്ചാബിലെ ജനങ്ങളോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ കെജ്‍രിവാള്‍ അഭ്യര്‍ത്ഥിച്ചു.
'കൊറോണ എല്ലാ ദിശകളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചാബില്‍ വളരെയധികം കൊവിഡ് ബാധിതരുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടതാവശ്യമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം കൈ കോര്‍ത്ത് സാധിക്കുന്ന രീതിയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ഓക്സിമീറ്റര്‍ വളരെയധികം ഉപകാരപ്രദമാണ് എന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും പരിസരങ്ങളിലും ഓക്സിമീറ്റര്‍ നല്‍കും.' കെജ്‍രിവാള്‍ വ്യക്തമാക്കി.
'ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും എത്തി ജനങ്ങളുടെ ഓക്സിജന്‍ നിരക്ക് പരിശോധിക്കും. കൊറോണ വൈറസ് ബാധ ഉണ്ടായാല്‍ ഓക്സിജന്‍റെ അളവ് കുറയുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഓക്സിജന്‍റെ കുറവ് ആരിലെങ്കിലും കണ്ടെത്തിയാല്‍ അവരെ ആശുപത്രിയിലെത്തിക്കും. ആംആദ്മി പ്രവര്‍ത്തകരെ സഹായിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.' കെജ്‍രിവാള്‍ പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള 30,000 ഗ്രാമങ്ങളില്‍ ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കെജ്‍രിവാള്‍ ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം പഞ്ചാബില്‍ ഇതുവരെ 55508 കൊറോണ വൈറസ് ബാധിതരുണ്ട്. 1512 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam