ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം; ആം ആദ്മി എംഎൽഎയ്ക്കും ​സഹായിക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

By Web TeamFirst Published May 9, 2020, 12:38 PM IST
Highlights

എംഎല്‍എ തന്നെ  നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ ആരോപിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ദില്ലി: സൗത്ത് ദില്ലിയിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലി ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജര്‍വാളിന്  രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. എന്നാൽ ഇദ്ദേഹം ഹാജരാകാൻ തയ്യാറായില്ല. അതെതുടർന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഏപ്രില്‍ 18നാണ്  രാജേന്ദ്ര സിങ് (52) എന്ന ‍ഡോക്ടർ സൗത്ത് ദില്ലിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ‌ ആംആദ്മി പാർട്ടി നേതാവിന്റെ പേര് പരാമർശിച്ചിരുന്നു. എംഎല്‍എ തന്നെ  നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന്  ആത്മഹത്യാക്കുറിപ്പിൽ ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു

ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ പോലീസ്  ചുമത്തിയിരിക്കുന്നത്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. എന്നാൽ ഡോക്ടര്‍  ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും എംഎല്‍എ അവകാശപ്പെട്ടു.

2017 ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ഒരു ന്യൂസ് ചാനല്‍  നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ഒളിവിലാണ്. 'മുമ്പും തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സമാനമായ കാര്യങ്ങളാണ് ഇപ്പോഴും നടന്നിരിക്കുന്നത്. മുൻകാര്യങ്ങളിൽ എന്റെ നിരപരാധിത്വം തെളിയിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ ഇത്തവണയും ചെയ്യും. ഏത് തരത്തിലുള്ള അന്വേഷണത്തിലും പൊലീസുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്.' എംഎൽഎ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

click me!