
ദില്ലി: ബിജെപിയിൽ ചേർന്ന എഎപി രാജ്യസഭാ എംപിമാർക്കെതിരെ പഞ്ചാബിൽ പ്രതിഷേധം. ഹർഭജൻ സിംഗ്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത എന്നിവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകർ അവരുടെ വസതികൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ലുധിയാനയിലും ജലന്ധറിലും പ്രകടനങ്ങൾ നടന്നു. നേതാക്കൾ പഞ്ചാബിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു. ചിലർ എംപിമാരുടെ വസതികളുടെ അതിർത്തി ചുവരുകളിൽ ഗദ്ദാർ (രാജ്യദ്രോഹി) എന്നെഴുതി. പഞ്ചാബ് ദേ ഗദ്ദാർ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരുൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ടതോടെ ആം ആദ്മി പാർട്ടിക്ക് (എഎപി) പ്രതിസന്ധിയിലായിരുന്നു.
എ.എ.പി അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും ദേശീയ താൽപ്പര്യങ്ങളെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നുവെന്ന് രാഘവ് ഛദ്ദ ആരോപിച്ചു. പാർട്ടി ഇപ്പോൾ താൻ ഒരിക്കൽ പിന്തുണച്ച തത്വങ്ങളുമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവരാണ് ഏഴ് പേരടങ്ങുന്ന സംഘത്തിലെ മറ്റ് നാല് പാർലമെന്റ് അംഗങ്ങൾ. പാർട്ടി വിട്ട എംപിമാർ പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് കെജ്‌രിവാൾ ആരോപിച്ചു. രാജ്യദ്രോഹികൾ എന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇവരെ വിശേഷിപ്പിച്ചത്. ഏഴ് എംപിമാരിൽ ആറ് പേർ പഞ്ചാബിൽ നിന്നുള്ളവരാണ്.
തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ബിജെപി പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എഎപി നേതാക്കൾ ആരോപിച്ചു. 2027 ൽ പഞ്ചാബിൽ എഎപി വീണ്ടും അധികാരത്തിൽ വരുമെന്നും നേതാക്കൾ പറഞ്ഞു. ലുധിയാനയിലെ ഗുപ്തയുടെ വസതിക്ക് പുറത്ത് എഎപി പഞ്ചാബ് യൂത്ത് വിംഗ് ആക്ടിംഗ് പ്രസിഡന്റ് പർമീന്ദർ ഗോൾഡി പ്രതിഷേധത്തിന് നേതൃത്വം നൽകി. അതേസമയം,പാർട്ടി വിട്ട ഏഴ് എംപിമാരെ ഉപരിസഭയിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റിനും കത്തെഴുതുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam