ആരോഗ്യസേതു ആപ്പ് നിർബന്ധമല്ല: നിലപാട് മയപ്പെടുത്തി കേന്ദ്രസർക്കാർ

By Web TeamFirst Published Jun 12, 2020, 7:51 PM IST
Highlights

ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്കും റെയിൽ-വ്യോമ യാത്രയാകാമെന്ന് കേന്ദ്രം പറഞ്ഞു

ബെംഗളൂരു: ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കർണ്ണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ആപ്പ് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബർ ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ കേന്ദ്രം നൽകിയ മറുപടിയിലാണ് നിലപാട് മയപ്പെടുത്തിയത്.

ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്കും റെയിൽ-വ്യോമ യാത്രയാകാമെന്ന് കേന്ദ്രം പറഞ്ഞു. സ്വയം സാക്ഷ്യ പത്രം നൽകിയാൽ മതിയാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. മലയാളിയായ അനിവർ അരവിന്ദ് നൽകിയ ഹർജിയിലാണ് നിലപാട് അറിയിച്ചത്. ആപ്പ് നിർബന്ധമാക്കിയാൽ പൗരന്റെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

കേസിൽ തുടർവാദം കേൾക്കുന്നത് കോടതി ജൂലൈ പത്തിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ഹർജിയിൽ ആരോപിച്ചിരിക്കുന്ന ഗുരുതര വിഷയങ്ങളിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതായി കാണിച്ച് ആറ് ആരോപണങ്ങളാണ് ഹർജിക്കാർ ആരോപിച്ചത്. ഉപയോക്താവിന്റെ സ്വകാര്യത ലംഘിക്കുന്നു, സുപ്രീം കോടതിയുടെ വിധിന്യായത്തിനെതിരാണ്, പാവപ്പെട്ടവരെയും പണക്കാരെയും വിഭജിക്കുന്നു, ഭിന്നശേഷിക്കാരെ മാറ്റിനിർത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇതിലുള്ളത്.
 

click me!