
ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 20 മാസത്തോളം ജയിലിൽ കിടന്ന 19 കാരനെ വെറുതെ വിട്ടു. 19കാരൻ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടി തിരിച്ചെത്തിയതോടെയാണ് കേസുമായി ബന്ധമില്ലെന്ന് കണ്ട് ആൺകുട്ടിയെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആരെയും അറിയിക്കാതെ തുടർ പഠനത്തിനായി പെൺകുട്ടി ഛണ്ഡിഗഡിലേക്ക് പോയതാണെന്ന് അറിയിച്ചു. 2021-ൽ ഋഷികേശ് നിവാസിയായ ആൺകുട്ടി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. പെൺകുട്ടിയെ കാണാതായെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകളെ യുവാവ് തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
തുടർന്ന് പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ ചുമത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ജയിലിലേക്ക് അയച്ചു. വിചാരണയ്ക്കിടെ യുവാവ് താൻ കുറ്റക്കാരനല്ലെന്നും കുടുക്കുകയാണെന്നും കോടതിയിൽ ആവർത്തിച്ചു. ജയിലിൽ 20മാസം പിന്നിട്ടപ്പോഴാണ് "തട്ടിക്കൊണ്ടുപോകൽ" ആരോപിക്കപ്പെട്ട പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. മാതാപിതാക്കളെ അറിയിക്കാതെ തുടർപഠനത്തിനായി 2021 ഏപ്രിലിൽ താൻ ചണ്ഡീഗഢിലേക്ക് പോയെന്നും അവിടെ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നെന്നും മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പെൺകുട്ടി അറിയിച്ചു. കാണാതാകുന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല.
യുവാവുമായി ബന്ധമുണ്ടായിരുന്ന കാര്യം ശരിയാണെന്നും എന്നാൽ തനിച്ചാണ് ഛണ്ഡിഗഢിലേക്ക് പോയതെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്ന യുവാവ് മാനസികമായി തകർന്നിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.
പെൺകുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്ന് ആദ്യം മുതലേ പൊലീസിനോട് ആവർത്തിച്ച് പറഞ്ഞതാണെന്നും എന്നാൽ ആരും ചെവിക്കൊണ്ടില്ലെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. ജീവിതത്തിലെ 20മാസങ്ങൾ ജയിലിൽ കഴിഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നാണം കെട്ടു. ഇതിനൊക്കെ ആര് സമാധാനം പറയുമെന്നും കുടുംബം ആരോപിച്ചു.
സ്കൂളിൽ പരിശീലനം കാണുന്നതിനിടെ ഒമ്പതാം ക്ലാസുകാരന്റെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam