തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത്; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന

Published : Jun 05, 2026, 04:59 AM IST
abhijeet dipke

Synopsis

വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി. ഇത്രയധികം ആളുകൾ ഒരേ സമയം വിമാനത്താവളത്തിൽ ഒത്തുകൂടുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: താൻ യുഎസിൽ നിന്ന് ദില്ലിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ദിപ്കെ ഇന്ത്യയിൽ എത്തുന്നത്. താൻ ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് സിജെപി എക്സിൽ കുറിച്ചു.

വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി. ഇത്രയധികം ആളുകൾ ഒരേ സമയം വിമാനത്താവളത്തിൽ ഒത്തുകൂടുന്നത് പ്രായോഗികമല്ല. പൊതുജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ദയവായി ആരും ഡൽഹി എയർപോർട്ടിലേക്ക് വരരുതെന്നും പാർട്ടി ഔദ്യോഗികമായി അറിയിച്ചു.

ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ദിപ്കെ നേരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജന്തർ മന്ദിറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് നേരിട്ട് അനുമതി വാങ്ങുന്നതിന് വേണ്ടിയാണിത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ സമാധാനാന്തരീക്ഷം പാലിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും ഉണ്ടാകരുതെന്നും പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തങ്ങൾ നിയമം അനുസരിക്കുന്ന പൗരന്മാരാണെന്ന് വ്യക്തമാക്കിയ ദിപ്കെ, ഈ സമരത്തെ തകർക്കാനും അപകീർത്തിപ്പെടുത്താനും എതിരാളികൾ അവസരം കാത്തിരിക്കുകയാണെന്നും അതിന് വഴിമരുന്നിട്ടു കൊടുക്കരുതെന്നും അണികളോട് ആവശ്യപ്പെട്ടു. വളരെ ആത്മനിയന്ത്രണത്തോടെയും നിയമപരമായും മാത്രമേ പ്രതിഷേധം നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂൺ 6-ന് ജന്തർ മന്ദറിൽ ഒത്തുചേരാൻ പോലീസ് അനുമതി നൽകുമോയെന്ന് വ്യക്തമല്ല. സമാധാനപരമായ ഈ പ്രതിഷേധ പ്രകടനത്തിന് അധികൃതർ അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സിജെപി വക്താവ് പറഞ്ഞു. എത്ര പേർ പ്രതിഷേധത്തിന് എത്തും എന്ന കാര്യത്തിൽ വ്യക്തതയില്ല. സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുകും നടൻ പ്രകാശ് രാജും പ്രതിഷേധത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ കരുതലോടെ കരുക്കൾ നീക്കി ഹൈക്കമാൻഡ്; മന്ത്രിസഭയിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി
മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര; 'മമതയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം ജയിച്ച ഒന്നിനും കൊള്ളാത്തവർ വിമതർ, ചേരിമാറ്റം കേന്ദ്ര ഏജൻസികളെ പേടിച്ച്'