മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര; 'മമതയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം ജയിച്ച ഒന്നിനും കൊള്ളാത്തവർ വിമതർ, ചേരിമാറ്റം കേന്ദ്ര ഏജൻസികളെ പേടിച്ച്'

Published : Jun 05, 2026, 12:15 AM IST
Mahua Moitra

Synopsis

തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി. വിമത എംഎൽഎമാർ ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും ഭീഷണിക്ക് വഴങ്ങിയവരാണെന്ന് അവർ ആരോപിച്ചു. മമത ബാനർജിക്ക് പാർട്ടിയെ പൂജ്യത്തിൽ നിന്ന് പുനർനിർമ്മിക്കാൻ കഴിയുമെന്നും മഹുവ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊൽക്കത്ത: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂൽ കോൺഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. വിമത എംഎൽഎമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമതർ വെറും "ഒന്നിനും കൊള്ളാത്ത" നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു. മമത ബാനർജിയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം രക്ഷപ്പെട്ടുപോന്ന ഇവർക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും അവർ പരിഹസിച്ചു.

കേന്ദ്ര ഏജൻസികളെയും അറസ്റ്റ് ഭീഷണികളെയും ഭയന്നാണ് വിമതർ ചേരിമാറിയതെന്നും ബിജെപിയാണ് ഈ പിളർപ്പിന് പിന്നിലെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർക്ക് പ്രതിപക്ഷത്ത് ഇരിക്കാൻ താല്പര്യമില്ല. അതുകൊണ്ടാണ് അവർ സുരക്ഷിതമായ പാത തെരഞ്ഞെടുത്തത്. 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' എന്ന് വിളിക്കാൻ വിമതർക്ക് യാതൊരു അവകാശവുമില്ലെന്നും മഹുവ കൂട്ടിച്ചേർത്തു.

ബിജെപി കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്തിയെന്ന് മഹുവ

പ്രതിപക്ഷ പാർട്ടികളെ തകർക്കുക മാത്രമല്ല, സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കൾ ആരാകണമെന്ന് പോലും ബിജെപിയാണ് ഇപ്പോൾ തീരുമാനിക്കുന്നതെന്ന് മഹുവ ആരോപിച്ചു. തൃണമൂലിന്റെ മുൻ നേതാവായിരുന്ന നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എംഎൽഎമാരുടെയും ബലഹീനതകൾ കൃത്യമായി അറിയാം. ഇത് മുതലെടുത്താണ് ഓരോരുത്തരെയായി സ്വാധീനിച്ചത്. എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്തിയാണ് എംഎൽഎമാരെ ബിജെപി ഒപ്പം നിർത്തിയത്. അവർക്ക് പോലീസിനെയോ ഇഡിയെയോ സിബിഐെയോ നേരിടാൻ വയ്യ, പകരം സുരക്ഷിതമായി നിൽക്കാനാണ് താല്പര്യം. എന്നാൽ തൃണമൂൽ കോൺഗ്രസ് തകരുകയാണെന്ന വാദങ്ങളെ മഹുവ തള്ളി. മമത ബാനർജിയും കോർ ഗ്രൂപ്പുമാണ് യഥാർത്ഥ പാർട്ടിയെന്നും പൂജ്യത്തിൽ നിന്ന് പുതിയൊരു ചിഹ്നം വരച്ച് വീണ്ടും അധികാരത്തിൽ വരാൻ മമതയ്ക്ക് സാധിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടിഎംസിയുടെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മമത നിരായുധയായി നിൽക്കുകയാണ്. 58 വിമത എംഎൽഎമാർ പാർട്ടി നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ടിഎംസിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ഇവർക്ക് അംഗീകാരം നൽകി. എന്നാൽ മമത ബാനർജിയെ പുതിയ നിയമസഭാ ടീമിന്റെ മുഖ്യ ഉപദേശകയായിരിക്കാൻ ക്ഷണിച്ചുകൊണ്ട് വിമത പക്ഷം തങ്ങളുടെ നിലപാട് ഒന്നു മയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് എതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന വിമതരുടെ വാദത്തെയും മഹുവ ചോദ്യം ചെയ്തു. അങ്ങനെയാണെങ്കിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ എന്തിനാണ് ടിഎംസി ടിക്കറ്റിൽ മത്സരിച്ചതെന്ന് മഹുവ ചോദിക്കുന്നു. അഭിഷേക് ബാനർജി ശക്തനാണെന്നും ബിജെപിയുടെ ഭീഷണികൾക്ക് മുന്നിൽ അദ്ദേഹം വഴങ്ങില്ലെന്നും മഹുവ അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി
വികാരാധീനനായി ഉദയനിധി സ്റ്റാലിൻ; 'നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു, സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയി'