ദില്ലി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോർവിമാനം പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാൻ അനുമതി നൽകിയത്. പത്താൻകോട്ട് വ്യോമത്താവളത്തിൽ നിന്നാണ് അഭിനന്ദൻ വർത്തമാനും എയർ ചീഫ് മാർഷലും ചേന്ന് ഫൈറ്റർ വിമാനം പറത്തിയത്. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാർഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു.
ഫെബ്രുവരിയിൽ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘർഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകർത്ത അഭിനന്ദൻ വർത്തമാനിന് രാജ്യം വീർ ചക്ര നൽകി ആദരിച്ചിരുന്നു. ഡോഗ് ഫൈറ്റിൽ എഫ് 16 തകർത്തതിന് പിന്നാലെ പിന്നാലെ കോക്‌പിറ്റിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്‌പേസ് മെഡിസിൻ വിഭാഗമാണ് പറക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചത്.
ട്രേഡ് മാർക്കായ കൊമ്പൻ മീശയില്ലാതെയാണ് അഭിനന്ദൻ വർത്തമാൻ എയർ മാർഷലിനൊപ്പം മിഗ് 21 പറത്താനെത്തിയത്. അഭിനന്ദൻ പാക് പിടിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ഈ മീശ ട്രെൻഡാകുകയും അനേകം പേർ ഈ സ്റ്റൈൽ അനുകരിക്കുകയും ചെയ്തിരുന്നു.
അഞ്ച് മിഗ് 21 സ്വകാഡ്രണുകളാണ് ഇന്ത്യൻ വായു സേനയ്ക്ക് ഉള്ളത്. 42 ഫൈറ്റർ പ്ലെയിൻ സ്ക്വാഡ്രണുകൾ ഉണ്ടെങ്കിലെ വായു സേനയ്ക്ക് പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ ശക്തമായ പ്രതിരോധം തീർക്കാനാകുവെങ്കിലും നിലവിൽ 30 സ്ക്വാഡ്രണുകൾ മാത്രമേ വായുസേനയ്ക്കുള്ളൂ. മിഗ് 21 കളുടെ കാലാവധി 2020ഓടെ അവസാനിക്കാനിരിക്കെ ഈ സംഖ്യ ഇനിയും കുറയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam