മിഗ് 21 കൊണ്ട് എഫ് 16 വിമാനങ്ങളെ ഓടിച്ച സൂപ്പർ ഹീറോ! ഇനിയെന്ന് അഭിനന്ദന് വിമാനങ്ങൾ പറത്താനാകും?

Published : Mar 02, 2019, 12:02 AM ISTUpdated : Mar 02, 2019, 07:09 AM IST
മിഗ് 21 കൊണ്ട് എഫ് 16 വിമാനങ്ങളെ ഓടിച്ച സൂപ്പർ ഹീറോ! ഇനിയെന്ന് അഭിനന്ദന് വിമാനങ്ങൾ പറത്താനാകും?

Synopsis

ഇനിയെന്ന് അഭിനന്ദൻ വർദ്ധമാന് പ്രിയപ്പെട്ട വിമാനങ്ങൾ പറത്താനാകും? ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ഉടൻ - വിദഗ്‍ധർ പറയുന്നു. 

അഭിനന്ദൻ വർധമാൻ ഒരു സൂപ്പർ ഹീറോ ആണെന്ന് പറയുന്നതിൽ ഒരു തരി പോലും അതിശയോക്തിയില്ല. ലോകചരിത്രത്തിൽത്തന്നെ അഭിനന്ദൻ വർധമാൻ വളരെ അപൂർവമായ ഒരു ചേയ്‍സിംഗ് ആണ് നടത്തിയത്. മിഗ് 21- എന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ ഏറ്റവും പഴക്കമുള്ള, ഒട്ടും ആധുനികമല്ലാത്ത വിമാനമാണ്. തുടർച്ചയായി തകർന്നു വീഴുന്ന ചരിത്രമുള്ള - പറക്കുന്ന ശവമഞ്ചം (Flying Coffin) എന്ന് ദുഷ്പേരുള്ള മിഗ് വിമാനം ഉപയോഗിച്ച് ആധുനിക പോർ വിമാനമായ എഫ് 16-നെ തുരത്തിയോടിച്ച സൂപ്പർ ഹീറോയാണ് അഭിനന്ദൻ വർധമാൻ. ലോകചരിത്രത്തിൽത്തന്നെ ആദ്യമാണിതെന്ന് വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു.

അതിനാലാണ് അഭിനന്ദന്‍റെ ധീരതയ്ക്ക് മുന്നിൽ രാജ്യം സല്യൂട്ട് ചെയ്യുന്നതും. ഇപ്പോൾ എല്ലാവരുടെയും മനസ്സിലുയരുന്ന ഒരു ചോദ്യം എന്ന് അഭിനന്ദന് തിരികെ പ്രിയപ്പെട്ട വിമാനങ്ങൾ പറപ്പിക്കാൻ സർവീസിൽ തിരികെയെത്താനാകും എന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറും ആ ചോദ്യമാണ് ചോദിച്ചത്. പ്രതിരോധരംഗത്ത് ദീർഘകാലം റിപ്പോർട്ട് ചെയ്ത് പരിചയമുള്ള മാധ്യമപ്രവർത്തകനായ ഡോ. അനന്തകൃഷ്ണൻ ഇതിന്‍റെ മറുപടി പറയുന്നതിങ്ങനെ:

''വളരെ ദുർഘടമായ രീതിയിൽ വിമാനം തകർന്നു വീണപ്പോൾ പാരച്യൂട്ട് വഴി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ പല പൈലറ്റുമാരും തിരികെ സർവീസിലേക്ക് വന്നിട്ടുണ്ട്. പലരും ഇപ്പോഴും വൈമാനികപായി തുടരുകയും ചെയ്യുന്നുണ്ട്. ആറ് മാസം മുൻപ് നാസികിൽ വച്ച് സുഖോയിയുടെ പരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെ വിമാനം തകർന്നു വീണിരുന്നു. അത് പറപ്പിച്ചിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരായി രക്ഷപ്പെട്ടു. ആറ് മാസത്തിന് ശേഷം അവർ രണ്ട് പേരും വൈമാനികരായി തിരികെ വന്നു.

അഭിനന്ദന് പക്ഷേ പരിക്കേറ്റിട്ടുണ്ട്. വിമാനാപകടത്തിൽ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീർച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആർഐ സ്കാൻ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് സൂചന. മാത്രമല്ല, പാക് അധീന കശ്മീരിൽ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികൾ മർദ്ദിക്കുകയും ചെയ്തിരുന്നു. 

'അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്' എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും ലഭിക്കും. അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ചികിത്സ നേടും.

മുമ്പ് കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ തടവിലാക്കിയ നചികേതയ്ക്കും ഒരു മാനസിക, ശാരീരിക കൗൺസിലിംഗും ചികിത്സയും നൽകിയിരുന്നു. അതിന് ശേഷം നചികേത സർവീസിലേക്ക് സജീവമായി തിരിച്ചുവന്നു. അത് പോലെ ഒരു ചികിത്സ അഭിനന്ദനും നൽകാനുള്ള സാധ്യതയുണ്ട്.' ഡോ. അനന്തകൃഷ്ണൻ പറയുന്നു.

ന്യൂസ് അവറിൽ ഡോ. അനന്തകൃഷ്ണന്‍റെ പ്രതികരണം കാണാം:

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം