
ആഗ്ര: കനത്ത മഞ്ഞ് കാരണമായുണ്ടായ വാഹനാപകടത്തിനിടെ പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ വാഹനത്തിലുള്ള കോഴികളെയും മോഷ്ടിച്ച് തടിതപ്പുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ഡല്‍ഹി - ആഗ്ര ദേശീയ പാതയില്‍ (എന്‍.എച്ച് 19) കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞില്‍ ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച അസാധ്യമായതിനെ തുടര്‍ന്ന് 12 വാഹനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി ദേശീയ പാതയില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൂട്ടിയിടിച്ച വാഹനങ്ങളുടെ, കൂട്ടത്തില്‍ വില്‍പന കേന്ദ്രങ്ങളിലേക്ക് കോഴിയുമായി പോയ ഒരു പിക്കപ്പ് ലോറിയും ഉണ്ടായിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ജനങ്ങള്‍ ഈ 'അവസരം' ശരിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആളുകള്‍ അതൊന്നും വകവെയ്ക്കാതെ കോഴി അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റ് ചിലര്‍ ഇതെല്ലാം മൊബൈല്‍ ക്യാമറകളിൽ പകര്‍ത്തുകയും ചെയ്തു. ആളുകള്‍ പറ്റാവുന്നത്ര കോഴികളെയുമെടുത്ത് കടന്നുകളയുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ചാക്കുകളുമായി വന്ന് കൂട്ടത്തോടെ കോഴികളെ എടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നുമുണ്ട്.
ആഗ്രയില്‍ നിന്ന് കസ്‍ഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. സുനിൽ കുമാര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ആദ്യമൊക്കെ ഇയാള്‍ കോഴി മോഷണം തടയാന്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ ആള്‍ക്കൂട്ടത്തെ പ്രതിരോധിക്കാന്‍ പരിക്കേറ്റ അദ്ദേഹം അശക്തനായിരുന്നു. രണ്ടര ലക്ഷത്തോളം രൂപയുടെ കോഴി വാഹനത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ സാമ്പത്തിക ബാധ്യതയാണ് ഉടമയ്ക്ക് വരുത്തിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam