ഗോരഖ്പൂർ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകന്‍റെ മരണത്തിൽ ദൂരുഹതയെന്ന് പരാതി. എബിപി ചാനലിന്‍റെ റിപ്പോർട്ടർ സുലഭ് ശ്രീവാസ്തവയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രണ്ട് ദിവസം മുൻപ് താൻ കൊല്ലപ്പെട്ടേക്കുമെന്ന് കാട്ടി പൊലീസിന് സുലഭ് കത്തയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനലിന്‍റെ റിപ്പോർട്ടറായിരുന്നു സുലഭ്. ഇന്നലെ രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സുലഭിനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ നിലയിലാണ് സുലഭിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതാപ്ഘട്ടിൽ പ്രവർത്തിക്കുന്ന മദ്യമാഫിയയെ കുറിച്ച് സുലഭ് നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് സുലഭിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. രണ്ട് ദിവസം മുൻപ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും കാട്ടി പ്രതാപ്ഘട്ട് എഡിജിപിക്ക് സുലഭ് പരാതി നൽകിയിരുന്നു. കുടുംബത്തിനും തനിക്കും പൊലീസ് സുരക്ഷ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും ആരോപിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സർക്കാർ ഉറങ്ങുകയാണെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദി യുപി സർക്കാരാണെന്ന് എഎപി ആരോപിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് യുപി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam