ഇൻഡോറിലെ ഭഗീരഥ്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 23ലേറെ പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ചാണ് നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയ മറുപടി നൽകിയത്.
ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധിപ്പേർ മരണപ്പെട്ടതിൽ വിശദീകരണം ചോദിച്ച കോൺഗ്രസിനെ 1984ലെ ഭോപ്പാൽ ദുരന്തം ഓർമ്മിപ്പിച്ച് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരിച്ച സംഭവത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടക്കുമ്പോഴാണ് ബിജെപി മന്ത്രിയുടെ വിചിത്രമായ പ്രതിരോധം. ഇൻഡോറിലെ ഭഗീരഥ്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 23ലേറെ പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ചാണ് നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയ മറുപടി നൽകിയത്. നിലവിലെ പ്രശ്നങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിജയവർഗിയ കോൺഗ്രസ് ഭരണകാലത്തെ വീഴ്ചയുമായി പ്രതിരോധം സൃഷ്ടിച്ചത്.
2025 ഡിസംബർ 24നും 2026 ജനുവരി 6നും ഇടയിൽ ഇൻഡോറിലെ ഭഗീരഥ്പുരയിൽ മലിനജലം കുടിച്ച് 23ഓളം പേർ മരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. പിന്നാലെ 35 പേർ മരിച്ചുവെന്നാണ് കോൺഗ്രസ് എംഎൽഎ സോഹൻലാൽ ബൽമിക്കി സഭയിൽ ഉന്നയിച്ചത്. മലിനജല പൈപ്പുകൾ അഴുക്കുചാലുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് ഉത്തരവാദിയായ മന്ത്രി കൈലാഷ് വിജയവർഗിയ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാർ ആവശ്യപ്പെട്ടു. ഇതോടെയായിരുന്നു വിജയവർഗിയയുടെ വിചിത്ര പ്രതിരോധം.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നേരിടുന്നതിനിടെ മന്ത്രി ഭോപ്പാൽ വാതക ദുരന്തം ഉയർത്തിക്കാട്ടി. ഭോപ്പാൽ ദുരന്തത്തിൽ 35000 പേർ കൊല്ലപ്പെട്ടുവെന്നും അന്നത്തെ കോൺഗ്രസ് സർക്കാർ പ്രതിയായ ആൻഡേഴ്സണെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും വിജയവർഗിയ കുറ്റപ്പെടുത്തി. ഭോപ്പാലിലെ ഇരകൾക്ക് ഇന്നും നീതി ലഭിച്ചിട്ടില്ലെന്നും വിജയവർഗിയ കൂട്ടിച്ചേർത്തു. ഇന്നത്തെ ദുരന്തത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, 35,000 എന്ന സംഖ്യ എത്ര വലുതാണെന്ന് അറിയാമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പാവപ്പെട്ടവരുടെ ജീവന് സർക്കാർ വില നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇൻഡോറിലെ നിലവിലെ ജലമലിനീകരണ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി പഴയ ഭോപ്പാൽ ദുരന്തം ആയുധമാക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നത്.


