ചെങ്കോട്ട സംഘര്‍ഷം; തക്കതായ മറുപടി നല്‍കണമെന്ന വെല്ലുവിളി വീഡിയോയുമായി ഒളിവിലുള്ള പിടികിട്ടപ്പുള്ളി

By Web TeamFirst Published Feb 20, 2021, 11:34 AM IST
Highlights

 സംഘര്‍ഷത്തില്‍ പൊലീസ് തെരയുന്ന ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് 23 ന് പഞ്ചാബിലെ ബതിന്ദയിൽ നടക്കുന്ന കർഷക റാലിയിൽ കൂടുതൽ യുവാക്കൾ പങ്കെടുക്കണമെന്ന് ആഹ്വാനവുമായി ലക്കാ സാധനായുടെ പുതിയ വീഡിയോ എത്തുന്നത്.

ദില്ലി: ജനുവരി 26ന് നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ അതിക്രമങ്ങള്‍ക്ക് ശേഷം പൊലീസിന് നേരെ വെല്ലുവിളിയുമായി പിടികിട്ടാപ്പുള്ളി. ചെങ്കോട്ട സംഘർഷം സംബന്ധിച്ച് പൊലീസ് തെരയുന്ന ഗുണ്ടാനേതാവ് ലക്കാ സാധനായാണ് പുതിയ വെല്ലുവിളി വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ പൊലീസ് തെരയുന്ന ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് 23 ന് പഞ്ചാബിലെ ബതിന്ദയിൽ നടക്കുന്ന കർഷക റാലിയിൽ കൂടുതൽ യുവാക്കൾ പങ്കെടുക്കണമെന്ന് ആഹ്വാനവുമായി ലക്കാ സാധനായുടെ പുതിയ വീഡിയോ എത്തുന്നത്.

യുവാക്കളെ തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരെ തക്കതായ മറുപടി നൽകണമെന്നാണ് പുതിയ വീഡിയോയില്‍ ഇയാള്‍ ആവശ്യപ്പെടുന്നത്. ന്യായമായ കാര്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നെ ജീവിതത്തിന് എന്ത് അര്‍ത്ഥമെന്നാണ് ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി സ്വരം ഉയര്‍ത്താനും യുവജനങ്ങളോട് ആവശ്യപ്പെടുന്നതാണ് വീഡിയോ. പുറത്തുവന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാവുക കൂടി ചെയ്തതോടെ വീഡിയോയുടെ ഉറവിടം തേടുകയാണ് പൊലീസ്. പതിനേഴ് മണിക്കൂര്‍ മുന്‍പ് ലക്കാ സാധനയുടെ വീഡിയോ നാലായിരത്തിലധകം തവണയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.  

ചെങ്കോട്ടയിലെ സംഘർഷത്തിൽ  കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 13 ദിവസത്തെ ഒളിവിന് ശേഷമായിരുന്നു അറസ്റ്റ്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുങ്ങിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
 

click me!