Latest Videos

'ടൂൾകിറ്റ്' കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, നിയമവിരുദ്ധമായ യാതൊന്നും ചെയ്തിട്ടില്ലെന്ന് വാദം

By Web TeamFirst Published Feb 20, 2021, 6:55 AM IST
Highlights

അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജാരാക്കിയ ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
 

ദില്ലി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. നിയമവിരുദ്ധമായ യാതൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ആരോപണത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നുമാണ് ദിശ രവിയുടെ വാദം. അന്വേഷണത്തോട് സഹകരിക്കാമെന്നും ജാമ്യം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജാരാക്കിയ ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

അതേസമയം ടൂൾകിറ്റ് കേസിൽ കരുതലോടെ വാർത്ത നല്‍കണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതി നിർദ്ദേശം നല്‍കി. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനെതിരെയുള്ള ഹർജിയിലാണ് വാർത്തകൾ പെരുപ്പിച്ച് നല്‍കാതിരിക്കാന്‍ എഡിറ്റർമാർ ശ്രദ്ധിക്കണമെന്ന ഉത്തരവ്. സ്വകാര്യ വാട്സാപ്പ് ചാറ്റ് പോലും മാധ്യമങ്ങൾ വഴി പുറത്തുവരുന്നു. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ പൊലീസ് വിവരം ചോർത്തുന്നു. ദിഷ രവിക്ക് വേണ്ടി ഹാജരായ അഖിൽ സിബലിന്‍റെ പ്രധാന വാദം ഇതായിരുന്നു. പൊലീസ് നടത്തിയ വാർത്താ സമ്മേളനത്തിന് ഷേശമാണ് വാട്സാപ്പ് ചാറ്റുകൾ വന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി.

വിവരം ചോർത്തിയില്ല എന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. പൊതുഇടത്തിൽ ലഭ്യമായ വിവരങ്ങളാണ് നല്‍കിയതെന്ന് മാധ്യമങ്ങളും പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റിയും കോടതിയെ അറിയിച്ചു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തു വരണം. എന്നാൽ സ്വകാര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ അതിർവരമ്പുകൾ പാലിച്ച് വാർത്തൾ കരുതലോടെ നല്‍കാന്‍ മാധ്യമ എഡിറ്റർമാർ ശ്രദ്ധിക്കണം. പൊലീസ് വാർത്ത നല്‍കുമ്പോഴുള്ള മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

click me!