'ആര്‍എസ്എസിനെ അപമാനിച്ചു, ഇടതുരാഷ്ട്രീയത്തിന്‍റെ അതിപ്രസരം'; ദില്ലി യൂണിവേഴ്സിറ്റി സിലബസിനെതിരെ എബിവിപി

By Web TeamFirst Published Jul 17, 2019, 11:12 AM IST
Highlights

പ്രതിഷേധക്കാര്‍ വിസിയുടെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സിലബസിന് ഉത്തരവാദികളായ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗം തലവന്മാര്‍ രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ദില്ലി: ദില്ലി യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശമുണ്ടെന്നാരോപിച്ച് ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രതിഷേധവുമായി രംഗത്ത്. അണ്ടര്‍ ഗ്രാജ്വേറ്റ് ഇംഗ്ലീഷ് സിലബസിലാണ് ആര്‍എസ്എസിനെയും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെയും മോശമാക്കുന്ന രീതിയില്‍ ചിത്രീകരിച്ചതെന്ന് ഇവര്‍ ആരോപിച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗണ്‍സില്‍ അംഗവും സിലബസിനെതിരെ രംഗത്തുവന്നു. ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ഭാരവാഹികളും സിലബസിനെതിരെ രംഗത്തെത്തി.

പ്രതിഷേധക്കാര്‍ വിസിയുടെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സിലബസിന് ഉത്തരവാദികളായ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗം തലവന്മാര്‍ രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ലിറ്ററേച്ചര്‍ ഇന്‍ കാസ്റ്റ്, ഇന്‍റൊറഗേറ്റിംഗ് ക്വീര്‍നെസ് എന്ന പേപ്പറുകളിലാണ് ആര്‍എസ്എസിനെ മോശമായി ചിത്രീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 2002 ഗുജറാത്ത് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ശില്‍പ പരാല്‍ക്കര്‍ എഴുതിയ 'മണിബെന്‍ ഏലിയാസ് ബിബിജാന്‍' എന്ന കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെയും ഇവര്‍ വിമര്‍ശിച്ചു.

സിലബസില്‍ മാവോയിസവും ഇടതുരാഷ്ട്രീയവും കുത്തിനിറച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ചര്‍ച്ചയില്ലാതെയാണ് സിലബസ് തീരുമാനിച്ചതെന്നും വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗി രാജിവെക്കണമെന്നും ആര്‍എസ്എസ് അനുകൂല അധ്യാപകര്‍ ആവശ്യപ്പെട്ടു. അക്കാദമിക് കൗണ്‍സിലിലെ ഒരുവിഭാഗം അധ്യാപകര്‍ വിസി രാജിവെക്കണമെന്ന് പ്രമേയം പാസാക്കി. പ്രതിഷേധക്കാര്‍ ഇംഗ്ലീഷ്, ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ് അധ്യാപകരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു. 

click me!