കര്‍ണാടക എംഎല്‍എമാരുടെ രാജി; സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

By Web TeamFirst Published Jul 17, 2019, 10:48 AM IST
Highlights

രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. 

ദില്ലി: കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. ഈ കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഇത് ചരിത്രവിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വിമതരെക്കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാല്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോണ്‍. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും. 

click me!