Latest Videos

കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ? ഇല്ലെന്ന് ദില്ലി പൊലീസ്, അറിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Mar 3, 2020, 1:18 PM IST
Highlights

വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയ്ക്ക് എതിരെ ഉടനടി കേസെടുക്കാത്തതെന്ത് എന്നാണ് ദില്ലി ഹൈക്കോടതി ചോദിച്ചത്. വധഭീഷണിയുണ്ടെന്ന് കാട്ടിയാണ് കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ കിട്ടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ദില്ലി: ദില്ലിയിൽ വർഗീയ കലാപത്തിന് തിരി കൊളുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രകോപന പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയോ ഇല്ലയോ എന്നതിൽ അവ്യക്തത. വൈ കാറ്റഗറി സുരക്ഷ കപിൽ മിശ്രയ്ക്ക് നൽകിയിട്ടില്ല എന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, ഈ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ദില്ലി പൊലീസിന്‍റെ മേൽനോട്ടച്ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കപിൽ മിശ്ര നൽകിയ പരാതിയിലാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത് എന്നാണ് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വൈ കാറ്റഗറി സുരക്ഷ ലഭിച്ചാൽ കപിൽ മിശ്രയ്ക്കായി 24 മണിക്കൂറും 6 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. സായുധ പൊലീസാകും കപിൽ മിശ്രയ്ക്ക് അകമ്പടി സേവിക്കുക. 

Read more at: ദില്ലിയിൽ 'വെടിവച്ച് കൊല്ലൂ' മുദ്രാവാക്യവുമായി ബിജെപി നേതാവ് കപിൽ മിശ്രയുടെ 'സമാധാനമാർച്ച്'

അതേസമയം, ദില്ലി ഹൈക്കോടതി കേസെടുക്കാൻ പറഞ്ഞ കപിൽ മിശ്രയ്ക്ക് ദില്ലി പൊലീസ് നൽകിയത് വൈ കാറ്റഗറി സുരക്ഷയാണോ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും, വർഗീയ കലാപത്തിന് തിരികൊളുത്തുന്ന തരത്തിലും കപിൽ മിശ്ര പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നതാണ്.

വിവാദമായ സാഹചര്യത്തിൽ കപിൽ മിശ്രയ്ക്ക് സുരക്ഷ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ദില്ലി പൊലീസ് പിൻവലിച്ചതാണോ എന്നതും വ്യക്തമല്ല.  

സാമൂഹ്യമാധ്യമങ്ങൾ വഴിയും, ഫോൺ കോളുകൾ വഴിയും തനിക്ക് എതിരെ ഭീഷണിയുയരുന്നു എന്നാണ് കപിൽ മിശ്ര പറഞ്ഞിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അധികസുരക്ഷ തേടി കപിൽ മിശ്ര ദില്ലി പൊലീസിനെ സമീപിച്ചത്.

ദില്ലി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കപിൽ മിശ്രയ്ക്ക് എതിരെ കേസെടുക്കണമെന്ന് കാട്ടി ഹർജികളുണ്ട്. ദില്ലി കലാപം നടക്കുമ്പോൾ രാത്രി കേസ് പരിഗണിച്ച് നടപടിയെടുക്കണമെന്ന് ശക്തമായ ഭാഷയിൽ ദില്ലി പൊലീസിന് കർശനനിർദേശം നൽകിയ ജസ്റ്റിസ് മുരളീധർ റാവുവിനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇത് ചട്ടപ്രകാരം കൊളീജിയത്തിന്‍റെ ശുപാർശപ്രകാരമുള്ള മാറ്റം മാത്രമാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ പ്രതികരണം. 

click me!