Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ''വെടിവച്ച് കൊല്ലൂ'' മുദ്രാവാക്യവുമായി ബിജെപി നേതാവ് കപിൽ മിശ്രയുടെ ''സമാധാനമാർച്ച്''

ദില്ലി കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തീർത്തും പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയ ദില്ലിയിലെ ബിജെപി നേതാവ് കപിൽ മിശ്ര, പിന്നീട് നടത്തിയ ''സമാധാന യാത്ര''യിലും, ''വെടിവച്ച് കൊല്ലൂ" മുദ്രാവാക്യങ്ങളാണ് ഉയർന്നത്. വീഡിയോ.

in a peace march organised by delhi peace forum goli maaro slogans are raised
Author
New Delhi, First Published Mar 1, 2020, 5:57 PM IST

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ദില്ലിയുടെ നഗരമധ്യത്തിലെ കൊണാട്ട് പ്ലേസിൽ ''സമാധാനമാർച്ച്'' നടത്തി ബിജെപി നേതാവ് കപിൽ മിശ്രയും, ദില്ലി പീസ് ഫോറം എന്ന സംഘടനയും. ''ജിഹാദി തീവ്രവാദത്തിനെതിരായ മാർച്ച്'' എന്നായിരുന്നു മാർച്ചിന്‍റെ പേര്. ''സമാധാനമാർച്ച്'' എന്നായിരുന്നു പേരെങ്കിലും, പങ്കെടുത്ത പലരും റാലിയിൽ വിളിച്ചത് ''ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ'' (ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ) എന്ന പ്രകോപനപരമായ, അക്രമത്തിന് പ്രേരണ നൽകുന്ന മുദ്രാവാക്യമാണ്.

ദില്ലി കലാപത്തിൽ വീട് നഷ്ടപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട ഒരു സംഘം ഇരകളെ അണിനിരത്തി നടത്തിയ മാ‍ർച്ചിൽ കപിൽ മിശ്ര ഇവരോടൊപ്പമാണ് അണിനിരന്നത്. ദില്ലി കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തീർത്തും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി റാലി നടത്തിയ ആളാണ് മുൻ ആം ആദ്മി പാർട്ടി നേതാവായിരുന്ന കപിൽ മിശ്ര. 

റാലിയിൽ പങ്കെടുത്തെങ്കിലും കപിൽ മിശ്ര മുദ്രാവാക്യങ്ങളൊന്നും വിളിച്ചില്ല. ജന്തർ മന്ദറിൽ നിന്ന് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു നഗരമധ്യമായ കൊണാട്ട് പ്ലേസിലൂടെ മാർച്ച് നടന്നത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ലെങ്കിലും പൊലീസ് മാർച്ച് തടഞ്ഞില്ല.

''ഭാരത് മാതാ കീ ജയ്'' എന്നും, ''ജയ് ശ്രീറാം'' എന്നും മുദ്രാവാക്യങ്ങളുയർത്തിയാണ് ആളുകൾ മാർച്ചിൽ അണിനിരന്നത്. ദേശീയപതാകകളേന്തി ആളുകൾ റാലിക്കെത്തി. മാർച്ചിൽ അണിനിരക്കൂ എന്ന് ആഹ്വാനം ചെയ്ത് കപിൽ മിശ്ര തന്നെ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് മാർച്ചിന്‍റെ വീഡിയോ പകർത്തി, ''നിങ്ങളെക്കുറിച്ച് എന്തെല്ലാം വ്യാജപ്രചാരണം നടത്തിയാലും ജനത്തിന് സത്യം മനസ്സിലാകും'', എന്നും കപിൽ മിശ്ര ട്വീറ്റ് ചെയ്തു.

പ്രതിപക്ഷവും സിഎഎ വിരുദ്ധ ജനസമൂഹവുമടക്കം, കപിൽ മിശ്രയ്ക്ക് എതിരെ പ്രകോപനപ്രസംഗം നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യമുന്നയിക്കുമ്പോഴും ദില്ലി പൊലീസ് ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, റോഡിൽ നിന്ന് മാറണമെന്ന് സിഎഎ വിരുദ്ധ സമരക്കാരോട് ആഹ്വാനം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കപിൽ മിശ്രയുടെ നിലപാട്. 

കപിൽ മിശ്രയുടെ പ്രസംഗം:

കലാപത്തിനിടെ കൊല്ലപ്പെട്ട ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാലിനും ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയ്ക്കും റാലിയിൽ പങ്കെടുത്തവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഷഹീൻബാഗിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

ദില്ലി കലാപത്തിൽ നിന്ന് പതുക്കെ കരകയറുമ്പോഴും, ഷഹീൻ ബാഗിൽ സമരം തുടരുകയാണ്. സ്ഥലത്തേക്ക് ഹിന്ദുസേന എന്ന തീവ്രഹിന്ദുസംഘടന മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. പൊലീസ് കനത്ത മുന്നറിയിപ്പ് നടത്തിയതിനെത്തുടർന്നാണ് മാർച്ച് റദ്ദാക്കിയത്.

പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഷഹീൻബാഗിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പത്ത് കമ്പനി പൊലീസ് സേനയാണ് ഷഹീൻ ബാഗ് സമരസ്ഥലത്ത് മാത്രമുള്ളത്. ആയിരത്തോളം പൊലീസുദ്യോഗസ്ഥരുണ്ട്. ഒപ്പം പാരാമിലിട്ടറി ഉദ്യോഗസ്ഥരും ഷഹീൻബാഗിൽ ക്യാമ്പ് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios