ലോക്ക് ഡൗണിനിടെ ബിസിനസ് പ്രമുഖര്‍ക്ക് 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പാസ് ; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി

By Web TeamFirst Published Apr 10, 2020, 2:15 PM IST
Highlights

വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അമിതാഭ് ഗുപ്ത നിര്‍ബന്ധിത അവധിയിലായിരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്ത വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. 

 മുംബൈ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നിതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ ബിസിനസ് പ്രമുഖരെ യാത്ര ചെയ്യാന്‍ അനുവദിച്ച ഉന്നത പൊലീസ് ഉദ്യോഗസഥനെതിരെ നടപടി. ആഭ്യന്തര വകുപ്പിലെ പ്രിന്‍സിപ്പള്‍ സെക്രട്ടറി(സ്‌പെഷ്യല്‍) അമിതാഭ് ഗുപ്തയെയാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അമിതാഭ് ഗുപ്ത നിര്‍ബന്ധിത അവധിയിലായിരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്ത വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവര്‍ക്ക് അനധികൃതമായി സഹായം നല്‍കിയതിനാണ് നടപടി.  ഫാമിലി ഫാം ഹൗസ് സന്ദര്‍ശിക്കാന്‍ ധീരജിനും കപിലിനുമൊപ്പം പാചകക്കാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെ 23 പേരാണ് മഹാബലേശ്വറില്‍ എത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മഹാബലേശ്വറിലേക്ക് അഞ്ചു വാഹനങ്ങളിലായാണ് ഇവര്‍ പോയത്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ അമിതാഭ് ഗുപ്ത ഐപിഎസിന്‍റെ കത്ത് ഇവരുടെ പക്കലുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനുള്ള യാത്ര എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. തന്റെ കുടുംബ സുഹൃത്തുക്കളാണ് ഇവരെന്ന് അമിതാഭ് ഗുപ്ത കത്തില്‍ സൂചിപ്പിച്ചിരുന്നു. മഹാബലേശ്വറില്‍ പിടിയിലായ 23 പേരും ക്വാറന്റൈനിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തു. 

 


 

click me!