
മദ്രാസ്: തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രഥമ ടിവികെ സമ്മേളനനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാർടി. പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. എന്നാൽ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാർട്ടി നേതാവായ തിരുമാളവൻ എംപി രംഗത്ത് വന്നു. തമിഴ്നാട്ടിൽ രണ്ട് ലോക്സഭ എംപിമാരുള്ള പ്രമുഖ ദളിത് പാർട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് അഭ്യൂഹം.
അതേസമയം വിജയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നു. വിനായക ചതുർത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് വിമർശനം. അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെൽവം വിമർശിച്ചു. ഡിഎംകെയെ കോപ്പിയടിക്കാനാണ് ടിവികെയുടെ തുടക്കത്തിലേയുള്ള ശ്രമമെന്നും കെ അണ്ണാമലൈയുടെ വിശ്വസ്ഥനാണ് വിനോജ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചതിന ജോസഫ് വിജയ് എന്ന പേരുയർത്തി വിജയിയെ ബിജെപി ആക്രമിച്ചിരുന്നു. വിജയയുടെ രാഷ്ട്രീയ പാർട്ടി പ്രവേശനത്തെ സ്വാഗതം ചെയുന്ന നിലപാടാണ് ബിജെപി പൊതുവിൽ ഇതുവരെ സ്വീകരിച്ചതെങ്കിൽ, സ്വരം മാറാൻ പോകുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ വിമർശനങ്ങളെ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam