
ബെംഗ്ളൂരു : പ്രമുഖ കന്നഡ നടി രന്യ റാവുവിന്റെ അറസ്റ്റോടെ രാജ്യത്ത് തന്നെ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ദേഹത്ത് ടേപ്പ് വച്ച് കെട്ടി വച്ച നിലയിൽ 14.2 കിലോ സ്വർണമാണ് നടി കടത്താൻ ശ്രമിച്ചത്. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയായ രന്യ അച്ഛന്റെ ഉന്നത സ്വാധീനമടക്കം ഉപയോഗിച്ചിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ഡിആർഐ.
എങ്ങനെയാണ് രന്യ റാവു ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ റഡാറിൽ വന്നത്? ജനുവരിയിൽ മാത്രം പത്ത് തവണയാണ് രന്യ ദുബായിലും മലേഷ്യയിലുമായി പോയി വന്നത്. രന്യയുടെ യാത്രകളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പല തവണ എയർപോർട്ടിലെ ഉദ്യോഗസ്ഥർ തന്നെ രന്യയ്ക്ക് വിഐപി ചാനലിലൂടെ ദേഹപരിശോധനയില്ലാതെ പോയി വരാനുള്ള സൌകര്യം ചെയ്ത് കൊടുക്കുന്നത് ഡിആർഐയുടെ ശ്രദ്ധയിൽ പെട്ടു. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായത് കൊണ്ട് തന്നെ ആ സ്വാധീനവും രന്യ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡിആർഐയുടെ വിലയിരുത്തൽ.
തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭർത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോൾ വനിതാ ഉദ്യോഗസ്ഥരടക്കം എത്തി രന്യയോട് ദേഹപരിശോധന ആവശ്യമെന്ന് അറിയിച്ചു. എന്നാൽ താൻ ഡി.ജി.പിയുടെ മകളാണെന്നടക്കം ഭീഷണി മുഴക്കി ദേഹപരിശോധനയോട് സഹകരിക്കാൻ രന്യ വിസമ്മതിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഒടുവിൽ സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് നടി പരിശോധനയ്ക്ക് തയ്യാറായത്. തുടയിലും ദേഹത്തും ടേപ്പ് ഉപയോഗിച്ച് കെട്ടി വച്ച നിലയിൽ 14 സ്വർണക്കട്ടികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൂടെയുണ്ടായിരുന്ന ഭർത്താവിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് ഡിആർഐ നൽകുന്ന വിവരം.
6 ദിവസം കൊണ്ട് 6.5 കോടി; ഒടുവില്‍ ക്ലൈമാക്സ് മാറ്റി അണിയറക്കാര്‍, തിയറ്ററുകളില്‍ നാളെ മുതല്‍
രന്യയുടെ അച്ഛനായ ഹൌസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡി.ജി.പി കെ രാമചന്ദ്രറാവുവാകട്ടെ മകൾക്കെതിരെയുള്ള കേസിൽ നിന്ന് പൂർണമായും അകലം പാലിക്കുകയാണ്. തന്റെ കുടുംബത്തെ അപമാനിച്ച മകളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നുമാണ് രാമചന്ദ്രറാവുവിന്റെ പ്രതികരണം. എന്നാൽ 2015-ൽ ഒരു ജ്വല്ലറി ഉടമയിൽ നിന്ന് പണം പിടിച്ചെടുത്ത് അത് പൂർണമായും രേഖയിൽ കാണിക്കാതെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ആരോപണവിധേയനാണ് രാമചന്ദ്രറാവു. അതിനാൽത്തന്നെ പൊലീസിൽ ഉന്നത സ്വാധീനമുള്ള അച്ഛന്റെ ബന്ധങ്ങൾ രന്യ ദുരുപയോഗം ചെയ്തിരിക്കാൻ സാധ്യതയുണ്ടോ എന്നും രാമചന്ദ്രറാവുവിനും ഇതിൽ പങ്കുണ്ടോ എന്നും സമഗ്രമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ഡിആർഐ.