
ഉജ്ജയിൻ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി നടി സ്വര ഭാസ്കർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുൽ ഗാന്ധിയെ കണ്ട് റോസാപ്പൂക്കൾ സമ്മാനിച്ച് യാത്രയിൽ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങൾ പങ്കുവച്ചു. 'പ്രശസ്ത നടി സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ സാന്നിധ്യമാണ് യാത്രയെ വിജയമാക്കി തീർക്കുന്നത്'- എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു.
ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് സ്വര ഭാസ്‌കർ. കോൺഗ്രസ് പങ്കുവച്ച പോസ്റ്റ് സ്വരയും റീട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിംഗ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയ സിനിമാ താരങ്ങൾ നേരത്തെ യാത്രയുടെ ഭാഗമായിരുന്നു.
ഒരു ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഉജ്ജയിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശി 12 ദിവസത്തിൽ 380 കിലോമീറ്ററാണ് യാത്ര പൂർത്തിയാക്കുന്നത്. അതേസമയം മധ്യപ്രദേശിൽ നിന്ന് ഡിസംബർ നാലിനാണ് യാത്ര രാജസ്ഥാനിൽ പ്രവേശിക്കുക. കഴിഞ്ഞ നവംബർ 23ന് മഹാരാഷ്ട്രയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്.
അതേസമയം, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ താൽക്കാലി വെടിനിർത്തലിന് നിർദേശം നൽകിയിരിക്കുകയാണ് നേതൃത്വം. കോൺഗ്രസ് പൊട്ടിത്തെറിയിൽ രാജസ്ഥാനിൽ നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത് വിലക്കിയിരിക്കുകയാണ് എ ഐ സി സി. മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെസി വേണുഗോപാൽ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. ഡിസംബർ 4 മുതൽ 21 വരെയാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാൻ പര്യടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam