'സ്ത്രീയെ 'കോള്‍ ഗേള്‍' എന്ന് വിളിച്ചത് കൊണ്ട് മാത്രം ആത്മഹത്യാ പ്രേരണാക്കുറ്റമാകുന്നില്ല'; സുപ്രീംകോടതി

By Web TeamFirst Published Oct 19, 2019, 12:54 PM IST
Highlights
  • യുവതി ആത്മഹത്യ ചെയ്തത് 'കോള്‍ ഗേള്‍' എന്ന് വിളിച്ചത് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പരാതി നല്‍കിയിരുന്നു.
  • 'കോള്‍ ഗേള്‍' എന്ന് വിളിച്ചത് കൊണ്ട് മാത്രം ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. 

ദില്ലി: സ്ത്രീയെ 'കോള്‍ ഗേള്‍' എന്ന് വിളിച്ചത് കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഐപിസി 306-ാം വകുപ്പ് പ്രകാരം ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായി ഇതിനെ പരഗണിക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് സുഭാഷ് റെഡ്ഡി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റേതാണ് വിധി. 

'കോള്‍ ഗേള്‍' എന്ന് വിളിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവിനും അയാളുടെ മാതാപിതാക്കള്‍ക്കും എതിരെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു. ഇതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. 

'കോള്‍ ഗേള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചെതിനെ തുടര്‍ന്ന് രണ്ട് കുറിപ്പുകള്‍ എഴുതി വെച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. 2004 മാര്‍ച്ച് ആറിനാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിന്‍റെ പിതാവാണ് ഇവരെ 'കോള്‍ ഗേള്‍' എന്ന് വിളിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ. 
ഐപിസി സെക്ഷന്‍ 306,34 എന്നിവ പ്രകാരമാണ് യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തത്.

എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. അധിക്ഷേപ വാക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്നാണ് കല്‍ക്കട്ട ഹൈക്കോടതി അറിയിച്ചത്. 'കോള്‍ ഗേള്‍' എന്ന വാക്ക് നേരിട്ടോ അല്ലാതെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നില്ല എന്നാണ് കോടതി കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ സാധൂകരിക്കുന്നതൊന്നും ഇതിലില്ലെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഹൈക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. 

 

click me!