കുഴഞ്ഞുവീണയാളെ സഹായിക്കുന്നതിന് പകരം സ്കൂട്ടറിലെത്തിയ രണ്ട് പേർ മൊബൈൽ ഫോൺ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

ദില്ലി: റോഡിൽ കുഴഞ്ഞുവീണ ആളെ സഹായിക്കുന്നതിന് പകരം അയാളുടെ പക്കൽ നിന്ന് ഫോൺ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ. ദില്ലിയിലെ രൺഹോലയിലെ വികാസ് നഗറിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡിൽ കുഴഞ്ഞുവീണയാളെ സഹായിക്കുന്നതിന് പകരം സ്കൂട്ടറിലെത്തിയ രണ്ട് പേർ മൊബൈൽ ഫോൺ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴഞ്ഞുവീണ ആൾ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ റോഡിൽ കിടന്ന് മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണോ അപസ്മാരമാരമാണോ ഇയാൾ കുഴഞ്ഞ് വീഴാൻ കാരണമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വീണുകിടക്കുന്നയാൾ മദ്യപിച്ചിരിക്കുകയാണെന്ന് കരുതി സ്കൂട്ടറിന് പിന്നിലിരുന്നയാൾ ആദ്യം ഫോൺ എടുത്തു. കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി ഇയാളുടെ പോക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി. എന്നാൽ പോക്കറ്റിൽ നിന്ന് ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അടുത്തുള്ള സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പരിഭ്രാന്തരായി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ബോധരഹിതനായി റോഡിൽ കിടന്ന ഇയാളെ അതുവഴി പോയവരെല്ലാം അവഗണിച്ചു. ഏകദേശം നാല് മണിക്കൂറിന് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. അപ്പോഴേക്കും അയാൾ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. 

Scroll to load tweet…

സംഭവത്തിൽ മോഷണത്തിന് കേസെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വിശദമാക്കി. സമാനമായ സംഭവം ദില്ലിയിൽ ആവർത്തിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ജനുവരി 11 ന്, ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ വികാസിന് ഘിതോർണിക്ക് സമീപം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണു. ഇയാളെ സഹായിക്കുന്നതിന് പകരം മൂന്ന് പേർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. പിന്നീട് ഈ മൂന്നുപേർക്കും അപകടം സംഭവിച്ചു. അതേസമയം, തണുപ്പത്ത് റോഡിൽ കിടന്ന വികാസ് ചികിത്സ കിട്ടാതെ മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം