അഭിഭാഷകൻ മാത്യു നെടുമ്പാറയ്ക്ക് ഒരു വർഷത്തേക്ക് സുപ്രീംകോടതിയിൽ നിന്ന് വിലക്ക്

By Web TeamFirst Published Mar 27, 2019, 3:44 PM IST
Highlights

മാത്യു നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോൾ സുപ്രീംകോടതിയിൽ ജഡ്‍ജിയായ രോഹിൻടൺ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയത് കോടതിയലക്ഷ്യമാണെന്നും ശിക്ഷ നേരിടേണ്ടി വരുമെന്നും കോടതി വിധിച്ചിരുന്നു. 

ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധിയെ എതിർത്ത് സുപ്രീംകോടതിയിൽ ഹർജികൾ നൽകിയ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരു കേസിൽ സുപ്രീംകോടതി ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ഇതനുസരിച്ച് അടുത്ത ഒരു വർഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രീംകോടതിയിൽ ഒരു കേസിലും ഹാജരാകാനാവില്ല. നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കനത്ത നടപടി. മാത്യു നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോൾ സുപ്രീംകോടതിയിൽ ജഡ്‍ജിയായ രോഹിൻടൺ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു.

ജസ്റ്റിസ് രോഹിൻടൺ നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവർ അംഗങ്ങളായ ബഞ്ചാണ് മാത്യൂസ് നെടുമ്പാറയെ സുപ്രീംകോടതിയിൽ നിന്ന് വിലക്കിയത്. കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ നെടുമ്പാറയ്ക്ക് വിധിച്ചെങ്കിലും ഇത് കോടതി തൽക്കാലം മരവിപ്പിച്ചു. സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്‍ജിമാർക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നെടുമ്പാറയ്ക്ക് മുന്നറിയിപ്പ് നൽകി. 

സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരെ കോടതിമുറിയിൽ വച്ച് ആരോപണങ്ങളുന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉൾപ്പടെ മൂന്ന് അഭിഭാഷകർക്ക് എതിരായ കോടതിയലക്ഷ്യഹർജികൾ ഇനി ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാകും കേൾക്കുക. 

നേരത്തേ കോടതിയലക്ഷ്യക്കേസിൽ മാത്യൂസ് നെടുമ്പാറ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എന്ത് ശിക്ഷ വേണമെന്ന കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയവും നൽകി. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആദ്യം ബഞ്ച് മാറ്റണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടത്. ആവശ്യം കോടതി തള്ളി. തുടർന്ന് അഡ്വ. മാത്യൂസ് നിരുപാധികം കോടതിയ്ക്ക് മുമ്പാകെ മാപ്പപേക്ഷിച്ചു. ഇത് പരിഗണിക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

അഭിഭാഷകർക്ക് സീനിയർ പദവി അനുവദിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയുടെ വാദം നടക്കവെയാണ് കേസിന് ആസ്പദമായ സംഭവം. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മക്കൾക്ക് മാത്രമേ മുതിർന്ന അഭിഭാഷകരെന്ന പദവി കിട്ടാറുള്ളൂ എന്നും അത്തരം വിവേചനം നിയമരംഗത്ത് നിലനിൽക്കുന്നു എന്നുമായിരുന്നു മാത്യൂസ് നെടുമ്പാറ സുപ്രീംകോടതിയിൽ ആരോപണമായി ഉന്നയിച്ചത്. 

എന്നാൽ ഇതിനെന്താണ് തെളിവെന്ന് ജഡ്‍ജിമാർ ചോദിച്ചു. അതേ ബഞ്ചിൽ കേസ് കേട്ടിരുന്ന ജഡ്‍ജി രോഹിൺടൺ നരിമാന്‍റെ അച്ഛൻ ഫാലി എസ് നരിമാൻ തന്നെയാണ് അതിനുള്ള തെളിവെന്ന് മാത്യൂസ് നെടുമ്പാറ മറുപടിയും പറഞ്ഞു. പ്രകോപിതരായ ജഡ്‍ജിമാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സുപ്രീംകോടതി അഭിഭാഷകർക്ക് നേരെ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന്, അഭിഭാഷകർക്ക് 'മുതിർന്ന അഭിഭാഷകൻ' എന്ന പദവി നൽകുന്നതിനെതിരായി നാഷണൽ ലോയേഴ്‍സ് ക്യാംപെയ്‍ൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു. 

ഇതോടെ ഇനി സുപ്രീംകോടതിയിൽ ശബരിമലക്കേസുൾപ്പടെ നിരവധി കേസുകളിൽ അഡ്വ. മാത്യൂസ് നെടുമ്പാറയ്ക്ക് ഹാജരാകാനാകില്ല. 

click me!