കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
ദില്ലി: ഇഡി റെയ്ഡ് തടസപ്പെടുത്തിയ കേസില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ സംസ്ഥാനം ഇടപെട്ടത് ഗൗരവമേറിയ വിഷയമെന്ന് വ്യക്തമാക്കി സുപ്രീം കോടതി മമത ബാനര്‍ജിക്ക് നോട്ടീസ് അയച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മമത മോഷണം നടത്തിയെന്ന് ഇഡി കോടതിയില്‍ ആരോപിച്ചു. കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
ഡിജിപിക്കും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കുമൊപ്പമെത്തി മമത ബാനര്‍ജി രേഖകള്‍ തട്ടിയെടുത്തെന്നും ഒരു ഇഡി ഉദ്യോഗസ്ഥന്‍റെ ഫോണ്‍ മോഷ്ടിച്ചെന്നും ഏജന്‍സി സുപ്രീംകോടതിയില്‍ വാദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഈ കേസ് ആദ്യം വന്നപ്പോള്‍ ടിഎംസിയുടെ അഭിഭാഷക സെല്‍ സംഘടിച്ചെത്തി വാദം തടസപ്പെടുത്തിയെന്നും ഇഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സിബിഐക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തട്ടിയെടുക്കാനാണ് ഇഡി നോക്കിയതെന്ന് മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ് വി എന്നിവര്‍ തിരിച്ചടിച്ചു. ഹൈക്കോടതി വിഷയം കേട്ടാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.
വാദം കേട്ട ജസ്റ്റിസുമാരായ പി കെ മിശ്ര, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ബംഗാളിലെ സംഭവവികാസങ്ങള്‍ ഏറെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചു. സംസ്ഥാന ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സികളുെട അന്വേഷണം തടസപ്പെടുത്തിയ വിഷയമാണിത്. പരിഹരിച്ചില്ലെങ്കില്‍ അരാജകത്വത്തിലേക്ക് നയിക്കും. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നാല്‍ പാര്‍ട്ടി അവകാശം മറയാക്കി അന്വേഷണം തടസപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. മൂന്ന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൊല്‍ക്കത്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആർ സുപ്രീംകോടതി സ്റ്റേ ചെയ്തു. മമത ബാനര്‍ജിക്കു ബംഹാള്‍ സര്‍ക്കാരിനും പുറമെ കേന്ദ്ര സര്‍ക്കാകരിനും കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിന്‍റെ ഫലം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും.



