
സൂറത്ത് : അപകീർത്തി കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ വാദം തുടരുകയാണ്. വയനാട്ടിൽ വലിയ വിജയം നേടിയ എംപിയെയാണ് അയോഗ്യനാക്കിയതെന്ന് രാഹുലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ എസ് ചീമ വാദിച്ചു. എന്നാൽ വയനാട്ടിലെ വലിയ വിജയം പറയുമ്പോൾ അമേഠിയിൽ തോറ്റതും പറയണമെന്നാണ് ചീമയുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ടുള്ള എതിർവാദം. പരാതിക്കാരൻ പൂർണേഷ് മോദിക്ക് വേണ്ടി അഭിഭാഷകൻ ഹർഷിത് തോലിയയാണ് ഹാജരായിരിക്കുന്നത്. വിധിക്ക് സ്റ്റേ നൽകാൻ കൃത്യമായ കാരണങ്ങൾ വേണം. പത്തോ പന്ത്രണ്ടോ സമാനമായ മാനനഷ്ട കേസുകളിൽ പ്രതിയാണ് രാഹുൽ ഗാന്ധി. സിറ്റിംഗ് എംപിയെന്നതും അയോഗ്യനാക്കപ്പെടുന്നതും വൻ ഭൂരിപക്ഷവുമൊക്കെ എങ്ങനെയാണ് ന്യായവാദം ആകുന്നതെന്ന് അഭിഭാഷകൻ ഹർഷിത് തോലിയ ചോദിച്ചു.
കുറ്റക്കാരൻ ആണെന്ന് വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണമെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് ഇപ്പോൾ അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. ലോക്സഭയുടെ കാലാവധി പൂർത്തിയാക്കും വരെ തുടരാൻ അനുവദിക്കണം. കേസിൽ അപാകതകൾ ഉണ്ട്.
കേസ് ആസ്പദമായ സംഭവം നടന്ന സ്ഥലം പരിഗണിക്കണം. സൂറത്തിൽ വച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടം ഉണ്ടായ വ്യക്തിയല്ല പരാതിക്കാരൻ. പരാതിക്കാരന്റെ പേരെടുത്ത് രാഹുൽ സംസാരിച്ചിട്ടില്ല. പൂർണേഷ് മോദിക്ക് പരാതി നൽകാൻ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്താണ് കേസ് നൽകിയത്. പരാതിക്കാരനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ ആർ എസ് ചീമ രാഹുലിന് വേണ്ടി വാദിച്ചു.
മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് 'മോദി' എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം. പിന്നാലെ രാഹുൽ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തിൽ ബിജെപി പ്രചാരണമാരംഭിച്ചു. തുടർന്ന് ശക്തമായ പ്രതിരോധവുമായി കോൺഗ്രസും എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam