
ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ കബൺ പാർക്കിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. കമിതാക്കൾ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേർപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്കുകൾ.
300 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാർഡുകൾ റോന്തുചുറ്റുകയും നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാർക്കിന്റെ അന്തരീക്ഷം കുട്ടികൾക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നിയന്ത്രണങ്ങളെന്നും പാർക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സെക്യൂരിറ്റി ഗാർഡുകൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
പാർക്കിൽ കമിതാക്കളുടെ പരസ്യമായ സ്നേഹപ്രകടനങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുന്നു. അതുമാത്രമല്ല, കമിതാക്കൾ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്നത് അവരുടെ സുരക്ഷക്ക് ഭീഷണിയാണ്. പാമ്പുകളും പ്രാണികളും നിരവധിയുണ്ട്. അവയുടെ ആക്രമണമേൽക്കാനുള്ള സാധ്യതയുണ്ട്. ഉച്ചഭാഷിണികൾ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നിയമങ്ങൾ ലംഘിച്ച് പാർക്ക് നശിപ്പിക്കുന്നവർക്ക് മാത്രമുള്ളതാണെന്നും ഹോർട്ടികൾച്ചർ ആൻഡ് സെറികൾച്ചർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കതാരിയ പറഞ്ഞു.
സുരക്ഷ പ്രധാന പ്രശ്നമാണെന്നും കുറ്റിക്കാട്ടിൽ കമിതാക്കൾ മറഞ്ഞിരിക്കുന്നത് അപകടമാണെന്നും കഴിഞ്ഞയാഴ്ച കമിതാക്കളുടെ തൊട്ടടുത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയതെന്നും സുരക്ഷാ ജീവനക്കാനും പറഞ്ഞു. നിരവധി പേർ പ്രതിദിനം എത്തുന്ന നഗരത്തിലെ പ്രധാന ഇടമാണ് കബൺ പാർക്ക്. നിറയെ മുളങ്കാടുകളും മരങ്ങളുമുള്ള പാർക്ക് ഏവരുടെയും പ്രിയ ഇടമാണ്. നിരവധി സിനിമകൾക്ക് ലൊക്കേഷനായ ഇടമാണ് കബൺ പാർക്ക് എന്ന പ്രത്യേകതയുമുണ്ട്.
അരിക്കൊമ്പനുള്ള ജിപിഎസ് കോളര്‍ ഇന്നെത്തില്ല, ബെംഗലൂരുവിൽ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി