'മോദിയെ തെരഞ്ഞെടുത്തില്ലെങ്കിൽ ഓരോ ന​ഗരത്തിലും അഫ്താബുമാർ ജനിക്കും'; വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി

By Web TeamFirst Published Nov 20, 2022, 1:42 PM IST
Highlights

മെയ് 18നാണ് അഫ്താബ് പൂനാവാല പങ്കാളിയായ ശ്രദ്ധ വാക്കറിനെ ദില്ലിയിലെ ഫ്ലാറ്റിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി‌ ശേഷം ശരീരം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയും ഏകദേശം മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് വലിച്ചെറിയുകയും ചെയ്തത്.

അഹമ്മദാബാദ്: 2024ലും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തില്ലെങ്കിൽ അഫ്താബ് പൂനാവാലയെപ്പോലുള്ള കൊലയാളികൾ രാജ്യത്തിന്റെ ഓരോ ന​ഗരത്തിലും ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ദില്ലിയിൽ നടന്ന ശ്രദ്ധ വാക്കറിന്റെ ദാരുണമായ കൊലപാതകത്തെ 'ലവ് ജിഹാദ്' എന്നും അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചു. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വശീകരിച്ച് മതം മാറ്റുകയാണെന്ന് ആരോപിച്ച് വലതുപക്ഷം ഉപയോഗിക്കുന്ന പദമാണ് 'ലവ് ജിഹാദ്.

അഫ്താബ് ശ്രദ്ധയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന് ലവ് ജിഹാദിന്റെ പേരിൽ 35 കഷ്ണങ്ങളാക്കി മുറിച്ച ശേഷം അവളുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൃതദേഹം ഫ്രിഡ്ജിൽ ഇരിക്കെ മറ്റൊരു പെൺകുട്ടിയെ കൊണ്ടുവന്ന് അവളുമായി ഡേറ്റിംഗ് ആരംഭിച്ചു. രാജ്യത്തിന് ശക്തനായ ഒരു നേതാവും രാജ്യത്തെ അമ്മയായി ബഹുമാനിക്കുന്ന ഒരു സർക്കാരും ലഭിച്ചില്ലെങ്കിൽ, എല്ലാ നഗരങ്ങളിലും ഇത്തരത്തിലുള്ള അഫ്താബുമാർ ജനിക്കും. നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ മോദിജിയെ തെരഞ്ഞെടുക്കണമെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മെയ് 18നാണ് അഫ്താബ് പൂനാവാല പങ്കാളിയായ ശ്രദ്ധ വാക്കറിനെ ദില്ലിയിലെ ഫ്ലാറ്റിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി‌ ശേഷം ശരീരം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയും ഏകദേശം മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് വലിച്ചെറിയുകയും ചെയ്തത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രദ്ധയുടെ ശരീരം മുറിക്കാനുപയോ​ഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിരുന്നു. ഒക്ടോബർ 18ന് അഫ്താബ് കവറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

മുമ്പും അൽത്താഫ് ക്രൂരമായി മർദ്ദിച്ചു, ബന്ധം വേർപെടുത്താൻ അവൾ ആ​ഗ്രഹിച്ചു; ശ്രദ്ധ കൊലക്കേസിൽ വിവരങ്ങൾ പുറത്ത്

കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധയും അഫ്താബും മെയിലാണ് ദില്ലിയിലേക്ക് താമസം മാറിയത്. ഇരുവരും ലിവിങ് ടു​ഗെതർ പാർട്ണേഴ്സ് ആയിരുന്നു. നാല് ദിവസത്തിന് ശേഷം  തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത്  വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് കേസ്.

click me!