
ദില്ലി: തപാല്‍ വകുപ്പ് രാജ്യത്തിനകത്തുള്ള വേഗത്തിലുള്ള തപാല്‍ സേവനമായ ഇൻലാൻഡ് സ്പീഡ് പോസ്റ്റിന്‍റെ ഡോക്യുമെന്‍റ് നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബർ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിശ്വസനീയത, സുരക്ഷ, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകളും ഈ പരിഷ്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2012 ഒക്ടോബറിലാണ് ഇതിന് മുൻപ് സ്പീഡ് പോസ്റ്റ് നിരക്കുകള്‍ പുതുക്കിയത് എന്നതിനാല്‍, പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം വരുന്നത്.
പുതിയ നിരക്ക് അനുസരിച്ച്, പ്രാദേശിക സ്പീഡ് പോസ്റ്റ് ഇനങ്ങള്‍ക്ക് 50 ഗ്രാം വരെ ഭാരമുള്ളവയ്ക്ക് 19 രൂപയാണ് ഈടാക്കുക. 50 ഗ്രാമിന് മുകളില്‍ 250 ഗ്രാം വരെ 24 രൂപയും, 250 ഗ്രാമിന് മുകളില്‍ 500 ഗ്രാം വരെയുള്ളവയ്ക്ക് 28 രൂപയുമാണ് നിരക്ക്. 200 കിലോമീറ്റർ മുതല്‍ 2000 കിലോമീറ്ററിലധികം ദൂരത്തേക്ക് 50 ഗ്രാം വരെയുള്ള ഇനങ്ങള്‍ക്ക് 47 രൂപയായിരിക്കും ഈടാക്കുകയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
50 ഗ്രാം മുതൽ 250 ഗ്രാം വരെ ഭാരമുള്ള ഇനങ്ങൾക്ക് 200 കിലോമീറ്റർ വരെയുള്ള ദൂരത്തേക്ക് മിനിമം 59 രൂപ ആയിരിക്കും ചാർജ്. ഇത് 2000 കിലോമീറ്ററിലധികം ദൂരത്തേക്ക് 77 രൂപ ആയി വർധിക്കും. ദൂരപരിധി അനുസരിച്ച് സ്പീഡ് പോസ്റ്റ് താരിഫ് 70 രൂപ മുതൽ 93 രൂപ വരെയായി പരിഷ്കരിച്ചിട്ടുണ്ട്. ഈ താരിഫുകൾക്ക് ജിഎസ്ടി ബാധകമായിരിക്കും എന്ന് മന്ത്രാലയം അറിയിച്ചു.
സ്പീഡ് പോസ്റ്റ് സേവനങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പമാക്കുന്നതിനായി, സ്പീഡ് പോസ്റ്റ് താരിഫിൽ 10 ശതമാനം കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ബൾക്ക് ഉപഭോക്താക്കൾക്ക് (കൂടുതലായി അയക്കുന്നവർക്ക്) അഞ്ച് ശതമാനം പ്രത്യേക കിഴിവും നൽകും. സ്പീഡ് പോസ്റ്റ് സേവനങ്ങളിൽ പുതിയ മൂല്യവർദ്ധിത സൗകര്യങ്ങളും (value-added services) ഉൾപ്പെടുത്തിയിട്ടുണ്ട്:
രജിസ്ട്രേഷൻ: രേഖകൾക്കും പാഴ്സലുകൾക്കും സ്പീഡ് പോസ്റ്റിനൊപ്പം രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്. ഇതിനായി ഒരു സ്പീഡ് പോസ്റ്റ് ഇനത്തിന് അഞ്ച് രൂപയും ബാധകമായ ജിഎസ്ടിയും അധികമായി ഈടാക്കും. ഈ സേവനം തിരഞ്ഞെടുക്കുന്ന ഇനങ്ങൾ സ്വീകർത്താവിനോ അല്ലെങ്കിൽ അദ്ദേഹം രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കോ മാത്രമേ കൈമാറുകയുള്ളൂ.
സുരക്ഷാ ഫീച്ചറുകൾ: ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ഡെലിവറി, ഓൺലൈൻ പേയ്മെന്റ് സൗകര്യം, എസ്.എം.എസ്. വഴിയുള്ള ഡെലിവറി അറിയിപ്പുകൾ, തത്സമയ ഡെലിവറി അപ്‌ഡേറ്റുകൾ എന്നിവ പുതിയ സ്പീഡ് പോസ്റ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam