എയിംസിന് പിന്നാലെ ഐസിഎംആറിൽ ഹാക്കിംഗ് ശ്രമം; 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമിച്ചു, പിന്നിൽ ഹോംങ്കോങിലെ ഹാക്കർമാർ?

By Web TeamFirst Published Dec 6, 2022, 3:33 PM IST
Highlights

നവംബർ 30 ന് 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമം ഉണ്ടായി. ഹോംങ്കോങ്ങിലെ ഹാക്കർമാരാണ് പിന്നിൽ എന്ന് സൂചന.

ദില്ലി : എയിംസിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലും ( ഐസിഎംആർ ) ഹാക്കിം​ഗ് ശ്രമം. ഐസിഎംആർ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. നവംബർ 30 ന് 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമം ഉണ്ടായി. ഹോംങ്കോങ്ങിലെ ഹാക്കർമാരാണ് പിന്നിൽ എന്ന് സൂചന. നേരത്തെ ഹാക്കിങ് നേരിട്ട എയിംസ് സെർവറിലെ വിവരങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ഐസിഎംആറിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായുള്ള വാർത്ത പുറത്തുവരുന്നത്. 

ദില്ലി എയിംസിലെ സര്‍വറുകള്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്നാണ് ഇതുവരെ ലഭിച്ച സൂചന. സംഭവത്തിൽ ചൈനയുടെ പങ്ക് സംശയിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം കേന്ദ്രത്തിന് കൈമാറി. വിവിഐപികളുടേതടക്കം വിവരങ്ങള്‍ ചോര്‍ന്നെന്ന പ്രാഥമിക നിഗമനത്തെ അന്വേഷണ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുവെന്നാണ് വിവരം.

നവംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ദില്ലി എയിംസിലെ സര്‍വറുകളിൽ ഹാക്കിംഗ് നടന്നതെന്നാണ് വിവരം. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഹാക്ക് ചെയ്തെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനാകുമോയെന്ന് സംശയമാണ്. ചോര്‍ത്തലിന് പിന്നില്‍ വിദേശ രാജ്യത്തിന്‍റെ ഇടപെടലുണ്ട്. ഏത് രാജ്യമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും സംശയത്തിന്‍റെ മുന നീളുന്നത് ചൈനയ്ക്ക് നേരെയാണ്. 

സര്‍ക്കാര്‍ അറിവോടെ വിവരങ്ങള്‍ ചോര്‍ത്തിയതാകാമെന്ന സംശയവും റിപ്പോര്‍ട്ട് പങ്ക് വയക്കുന്നു. വന്നെറെന്‍ എന്ന റാംസെന്‍വയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനീസ് ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ ഫ്ലൈ, ബ്രോണ്‍ സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ ഇന്‍റലിജന്‍സ് ഏജന്‍സികളും സംശയിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആശുപത്രികളെയും, ഫാര്‍മ ഗ്രൂപ്പുകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. 

Read More : ദില്ലി എയിംസിലെ സര്‍വര്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നും; സംശയ മുനയിൽ ചൈന ?

click me!