നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക് ; പഠന റിപ്പോര്‍ട്ട്

By Web TeamFirst Published Apr 17, 2019, 5:15 PM IST
Highlights

കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഇത് വേഗത വര്‍ധിച്ചെന്നും ഏറ്റവും മോശപ്പെട്ട നിലയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് 2018ല്‍ ആറ് ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ എത്തിയതായി പഠനറിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ നടത്തിയ നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നും ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്മെന്‍റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഇതിന്‍റെ വേഗത വര്‍ധിച്ചെന്നും ഏറ്റവും മോശപ്പെട്ട നിലയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ് തൊഴില്‍ പ്രതിസന്ധി ഏറ്റവും രൂക്ഷം.

സ്ത്രീകളുടെ കാര്യത്തിലും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നു. 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019'എന്ന് പേരിലാണ് സെന്‍റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനം തൊഴില്‍ പ്രതിസന്ധിക്ക് കാരണമായി എന്നതിനെക്കാള്‍ അത്തരമൊരു നീക്കം വലിയ ഒരു ആശങ്കയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ വ്യക്തവും നയപരവുമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം കത്തി നില്‍ക്കുന്ന അവസ്ഥയില്‍ പ്രതിപക്ഷം ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുമെന്ന് ഉറപ്പാണ്. 1999ല്‍ 2-3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2015 ആയപ്പോഴേക്കും അഞ്ച് ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2018ല്‍ ഇത് ആറ് ശതമാനമായി.

click me!